neyyatinkara-n

ഭരണ വിരുദ്ധ വികാരത്തെ എം.എല്‍.എയുടെ ജനപ്രീതി കൊണ്ട് മറികടക്കാമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നെയ്യാറ്റിന്‍കര.  ഭരണ വിരുദ്ധ വികാര വോട്ടുകള്‍ക്കൊപ്പം ജാതി സമവാക്യങ്ങളും അനകുലമായാല്‍ എന്‍ ശക്തനിലൂടെ മണ്ഡലം പിടിക്കാമെന്നതാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ. ശക്തന്‍റെ പ്രായവും അനാരോഗ്യവുമെല്ലാം മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. മത്സരത്തെ ത്രികോണപ്പോരാക്കി മാറ്റാന്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തുന്നത്. 

നെയ്യാറ്റിന്‍കരയില്‍ ആര് കര കയറും...?   സിറ്റിങ് എം.എല്‍.എ കെ ആന്‍സലന്‍റെ പത്ത് വര്‍ഷം, അദ്ദേഹം ഭാഗമായ പത്ത് വര്‍ഷത്തെ ഇടത് ഭരണം. ഇവ രണ്ടിന്‍റെയും വിലയിരുത്തല്‍ തന്നെയാണ് നെയ്യാറ്റിന്‍കരയിലെ വിധിയെഴുത്ത്. ഭരണത്തനെതിരായ വികാരം വലിയൊരു വിഭാഗം വോട്ടര്‍മാരില്‍ പ്രകടം.  ഇത്രയും എതിര്‍ വികാരം സിറ്റിങ് എം.എല്‍.എ കെ ആന്‍സലന്‍ നേരിടുന്നില്ല. ഇതിലാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷയത്രയും.  ആന്‍സലന്‍റെ ജനപ്രീതി മറികടന്ന്, ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ് എന്‍ ശക്തന്‍. നാടാര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍  ആ സമുദായത്തില്‍ നിന്നുള്ള പ്രബല നേതാവെന്നതും ശക്തന്‍റെ പ്ലസ് പോയിന്‍റാണ്. ശക്തന്‍റെ പ്രായം അനാരോഗ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇതിനെ ഇടത് ക്യാമ്പ് മറികടക്കാന്‍ ശ്രമിക്കുന്നത്. 

ഇതിനിടയില്‍ മണ്ഡലത്തില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍  ചെങ്കല്‍ രാജേശഖരനെന്ന വ്യവസായിയിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏതായാലും ഭരണ വിരുദ്ധ വികാരത്തെ തടഞ്ഞ് നിര്‍ത്താന്‍ കെ ആന്‍സലന്‍ എന്ന സിറ്റിങ് എം.എല്‍.എയ്ക്ക് എത്രത്തോളം കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും മണ്ഡലത്തിലെ അന്തിമ ഫലം. 

ENGLISH SUMMARY:

Neyyattinkara election analysis focuses on the ruling front's hope to overcome anti-incumbency sentiment with the sitting MLA's popularity, while the UDF anticipates victory with caste equations favoring their candidate. The upcoming election in Neyyattinkara will be a crucial test for the incumbent MLA and the ruling front's performance over the last decade.