rathan-u

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവജനതയെ ബോധവല്‍കരിക്കുന്നതിനായി ഒരുക്കിയ നൃത്തവിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തീര്‍ത്തും ജെന്‍ സി വൈബില്‍ ഒരുക്കിയിരിക്കുന്ന വിഡിയോയിലെ പ്രധാന ആകര്‍ഷണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് വിഡിയോ ഗാനം പുറത്തിറക്കിയത്. 

ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് നൃത്ത വിഡിയോ. 'ഇത് നിന്‍റെ വോട്ട്, നമ്മുടെ നാടിന് വേണമീ വോട്ട്..' എന്നു തുടങ്ങുന്ന വീഡിയോ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രത്തന്‍ ഖേല്‍ക്കറിനൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്‍റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ നൃത്തം ചെയ്ത് വിസ്മയിപ്പിച്ചിരിക്കുന്നത്. 

യുവവോട്ടർമാരെ ബൂത്തിലെത്തിക്കുക, വോട്ടവകാശം ഉറപ്പാക്കുക എന്നിവയാണ് വിഡിയോയുടെ പ്രധാന ലക്ഷ്യം. മുന്‍പ് സൂംബ നൃത്തം ചെയ്യുന്ന രത്തന്‍ യു കേല്‍ക്കറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബില്‍ഒമാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി ഒരുക്കിയ ക്യാംപിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ രത്തന്‍ യു ഖേല്‍ക്കര്‍ സൂംബ നൃത്തത്തിനൊപ്പം അന്ന് ചുവടുവച്ചത്. 

ENGLISH SUMMARY:

a viral dance video created to encourage youth to vote in the Kerala Assembly Elections. This Gen Z-vibe video, featuring top election officials including Chief Electoral Officer Ratan U Khelkar, aims to increase voter turnout among young citizens.