പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശരീരഭാരം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിലിംഗ് എന്നീ കേസുകളില്‍ അറസ്റ്റിലായ 59കാരന്‍ രാധാ മോഹൻ മിശ്രയ്ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂണിലാണ് രാധാ മോഹൻ മിശ്ര അറസ്റ്റിലായത്. തുടര്‍ന്നുളള ജയില്‍വാസത്തിനിടയില്‍ പ്രതിയുടെ ആരോഗ്യം വളരെ മോശമായി മാറുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതി കോടതിയെ സമീപിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു.

തടവിൽ കഴിഞ്ഞ 48 ദിവസത്തിനുള്ളിൽ 21 കിലോയാണ് പ്രതിക്ക് കുറഞ്ഞത്. മിശ്രയുടെ ആരോഗ്യനില ഏറെ അപകടകരമാണെന്നും കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്റെ മെഡിക്കൽ ചരിത്രം ഏതൊരു സാധാരണക്കാരനെയും അസ്വസ്ഥനാക്കുന്നതാണെന്നും തിങ്കളാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് മിലിന്ദ് ജാധവിന്റെ ബെഞ്ച് പറഞ്ഞു. മിശ്രയ്ക്ക് ഛർദ്ദി, തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം, കടുത്ത തളർച്ച എന്നിവ ഉണ്ടായതായും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് വളരെ ആശങ്കാജനകവും ആരോഗ്യത്തിന് അപകടകരവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ ഇനിയും കസ്റ്റഡിയിലോ പ്രിസൺ ആശുപത്രിയിലോ നിർത്തുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനാവാത്ത വിധം വഷളാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഏതാനും മാസങ്ങൾ മാത്രമുള്ള പ്രതിയുടെ ജയില്‍വാസം അദ്ദേഹത്തിന്റെ ആകമാനമുള്ള ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, പ്രാഥമികമായി അദ്ദേഹത്തിന് കൃത്യമായ പുനരധിവാസം, പരിചരണം, ഭക്ഷണക്രമത്തിലെ മേൽനോട്ടം, അണുബാധകളിൽ നിന്നുള്ള മുൻകരുതൽ, വിദഗ്ധ ഡോക്ടർമാരുടെ തുടർച്ചയായ വൈദ്യസഹായം എന്നിവ ആവശ്യമാണെന്നും കോടതി പറഞ്ഞു. ഒരു സിവിൽ തർക്കവുമായി ബന്ധപ്പെട്ട് മിശ്രയും കുടുംബാംഗങ്ങളും അയൽവാസികളായ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു എന്നാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. തനിക്ക് 59 വയസ്സുണ്ടെന്നും ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മിശ്ര ജാമ്യാപേക്ഷ നൽകിയത്.

2025ൽ താൻ 'സ്ലീവ് ഗാസ്ട്രെക്ടമി' എന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും ആമാശയത്തിന്റെ 80 ശതമാനവും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ലിക്വിഡ് അല്ലെങ്കില്‍ സെമി-ലിക്വിഡ് ഭക്ഷണക്രമം മാത്രമാണ് താന്‍ കഴിച്ചിരുന്നതെന്നും മിശ്ര കോടതിയെ അറിയിച്ചു. അറസ്റ്റിലായതിന് ശേഷം ഈ ഭക്ഷണക്രമം പാലിക്കാൻ കഴിഞ്ഞില്ലെന്നും, ഇതേതുടർന്ന് ആരോഗ്യത്തിന് ഭീഷണിയാകുംവിധം 21 കിലോ ഭാരം കുറഞ്ഞുവെന്നും വാദിച്ചതോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ച് നല്‍കിയത്. 2 ലക്ഷം രൂപയുടെ ബോണ്ട് നൽകണമെന്ന വ്യവസ്ഥയിലായിരുന്നു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY:

Bail for health deterioration has been granted by the court to a 59-year-old man who experienced severe weight loss and a worsening health condition while in custody. The individual, Radhamohan Mishra, was arrested on charges of intimidation and blackmail and has been granted bail by the Bombay High Court after his health significantly deteriorated during his 48-day imprisonment.