അവിശ്വസനീയമായി തോന്നുന്ന ചില സംഭവങ്ങളാണ് ഇന്നലെ കാട്ടാക്കടയില്‍ നടന്നത്. യുവതി വീട്ടില്‍വച്ച് പ്രസവിച്ച കുഞ്ഞ് മരിച്ചു. കു‍ഞ്ഞിന്റെ ദേഹത്തെല്ലാം മുറിപ്പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍. ഗര്‍ഭം അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ് 21കാരിയായ ഷംന.

ഇന്നലെ ഉച്ചയോടെയാണ് ഷംനയുടെ ഭര്‍ത്താവ് പുറത്തുപോയി തിരിച്ച് വീട്ടിലെത്തിയത്. ഭാര്യയെ വളരെ ക്ഷീണിതയായി കണ്ടുവെന്ന് ഭര്‍ത്താവ് പറയുന്നു. കടുത്ത വയറുവേദനയാണെന്ന് ഷംന പറഞ്ഞതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷ വിളിച്ചു. ഷംനയെ ഓട്ടോയില്‍ കയറ്റിയ ശേഷം ചില സാധനങ്ങള്‍ എടുക്കാനായി ഇയാള്‍ കിടപ്പുമുറിയിലേക്ക് തിരികെയെത്തി. 

എന്നാല്‍ മുറിയില്‍ പലയിടത്തായി രക്തക്കറ കണ്ട ഭര്‍ത്താവ് മുറി പരിശോധിച്ചപ്പോള്‍ ബെഡ് ഷീറ്റിനുളളില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് അനക്കമില്ലാതെ കിടന്നതോടെ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലെത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ദേഹത്തെല്ലാം മുറിവുകളും കണ്ടെത്തി.

ഉടന്‍ തന്നെ ആശുപത്രി ജീവനക്കാര്‍ കാട്ടാക്കട പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. അടിമുടി ദുരൂഹത സംശയിച്ച പൊലീസ് ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തപ്പോഴും സമാന മറുപടിയാണ് ലഭിച്ചത്. ഏറെ അവശയായ ഷംനയ്ക്ക് പൊലീസ് നിരീക്ഷണത്തില്‍ ചികിത്സ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കു‍ഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടക്കുക, ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സംഭവിച്ചതെന്തെന്ന് വ്യക്തമാവുകയുള്ളൂ. 

Shocking Incident in Kattakkada: Baby Found Dead with Injuries:

Kattakkada incident involves a young mother giving birth at home, leading to the baby's death with suspicious injuries, and the husband claiming ignorance of the pregnancy. Police are investigating the mysterious circumstances surrounding the event.