ദേശീയപാതകളിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരെ ഭയപ്പെടുത്തുന്നത് മലപ്പുറത്തും കൊല്ലത്തും നിര്‍മാണത്തിലിരുന്ന പാതകള്‍ ഇടിഞ്ഞതാണ്. ഈ സാഹചര്യത്തില്‍  കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ച്  ഉയരപാതകളുടെ  ഡിസൈനാണ് കൂടുതല്‍ അഭികാമ്യം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് വിദ്ഗധ സംഘം.

മണ്ണ് നിറച്ചുള്ള നിർമാണങ്ങളിലെ അപാകതമൂലം ദേശീയപാതില്‍ അപകടമുണ്ടായതിനെ തുടര്‍ന്നാണ് ദേശീയപാത വികസനത്തിന്‍റെ ഡിസൈനില്‍ മാറ്റം വരുത്തുന്നത്.  

നിര്‍മാണം പൂര്‍ത്തിയാകാനുള്ള കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെ 5.34 കിലോമീറ്റര്‍ സ്ഥലത്ത് 12 ഉയരപാതകളും രണ്ട് കട്ട് ആന്‍ഡ് കവര്‍ ടണലുകളും നിര്‍മിക്കാനാണ് എന്‍.എച്ച്.എ.ഐ കരാര്‍ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിർമാണ ജോലികൾക്കു പുറമേയാണിത്. ഇതിനായി 959.25 കോടി രൂപയുടെ കരാർ ദേശീയപാത അതോറിറ്റി ക്ഷണിച്ചു. 

ടെക്നോപാർക്ക് ഫേസ് ഫോര്‍, പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ, ആറ്റിങ്ങൽ മാമം എന്നിവിടങ്ങളിലാണു പുതിയ ഉയരപാതകൾ വരുന്നത്. 11.15 കിമീ ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപ്പാസിൽ വയലുകളും നദികളും വരുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പില്ലാത്ത ഭാഗത്താണു തൂണുകളിൽ മേൽപാലം നിർമിക്കുക. ഒന്നര വര്‍ഷമെടുക്കും നിര്‍മാണം പൂര്‍ത്തിയാവാന്‍. ഇതോടെ ദേശീപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പാവുകയാണ്. 

ENGLISH SUMMARY:

Kerala highway design is being reimagined due to landslides in Malappuram and Kollam, leading experts to recommend elevated highways considering the state's geography and climate. This shift aims to enhance road safety and address issues arising from soil-filled constructions.