vamanapuram

മലയോര മണ്ഡലങ്ങളിലൊന്നായ വാമനപുരത്തിന്‍റെ അമരത്തിരിക്കാൻ കരുത്തുറ്റ പോരാട്ടം. ഇടതുപക്ഷ മനസുള്ള മണ്ഡലമെന്ന പതിവ് ഇത്തവണയും തുടരുമെന്ന് എൽ.ഡി.എഫ് ഉറപ്പിക്കുമ്പോൾ കഥ മാറുമെന്ന് യു.ഡി.എഫ്. വികസനവും വികസന മുരടിപ്പും മലയോര കർഷകരുടെ പ്രശ്‌നങ്ങളും ആദ്യഘട്ടത്തിൽ പ്രചരണ വിഷയമായപ്പോൾ അവസാന ലാപ്പിൽ മതവും ജാതിയും പറഞ്ഞ് വോട്ട് തേടാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

മലയോര മണ്ണിൽ വീണ്ടും ഇടതുവസന്തമുണ്ടാവുമെന്ന്  ഓർക്കുമ്പോഴുള്ള ആഘോഷം നേരത്തെ തുടങ്ങി. പത്ത് വർഷം വാമനപുരത്തിന്‍റെ ജനപ്രതിനിധിയായിരുന്ന ഡി.കെ. മുരളി പടപ്പുറപ്പാടുറപ്പിക്കുന്നത് വികസന ദൂരം പിന്നിട്ടതിന്‍റെ ആത്മവിശ്വാസത്തിലാണ്. കനത്ത മഴയിലും ചോരാത്ത ആവേശ സ്വീകരണങ്ങൾ വിശ്വാസമുറപ്പിച്ചവർക്ക് നൽകിയ ഉലയാത്ത കരുതലിന്‍റെ അടയാളമെന്ന് ഡി.കെ.

വാമനപുരം പുഴയിലൂടെ ഒഴുകി ഒഴുകി കടലിൽ ചേർന്ന മലവെള്ളപ്പാച്ചിലിനെ ഓർമിപ്പിക്കും പോലെ. വികസന സ്വപ്നം കൊതിക്കുന്നവർക്ക് വിളിപ്പാടകലെ സുധീർ ഷായുണ്ടെന്ന് അനൗൺസ്‌മെന്‍റിലൂടെ അറിയിച്ച് യു.ഡി.എഫ് സ്ഥാനാർഥിയുടെ വരവ്. മുന്നേറ്റത്തിൽ വിറളിപൂണ്ട എൽ.ഡി.എഫ് വർഗീയ കാർഡിറക്കാൻ ശ്രമിക്കുന്നുവെന്നും അക്ഷേപം.

വോട്ട് വിഹിതമുയർത്തുന്നത് മാത്രമല്ല ജയിച്ച് കയറാൻ തന്നെയാണ്  മൽസരമെന്ന് എൻ.ഡി.എ. കേന്ദ്ര സർക്കാരിന്‍റെ  വികസന നേട്ടങ്ങൾ ഓരോ വീട്ടിലും എത്തിയെന്നതിന് തെളിവുള്ളപ്പോൾ വോട്ടുറപ്പിക്കുക എളുപ്പമാവും. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച മുന്നേറ്റത്തിലാണ് എൻ.ഡി.എ പ്രതീക്ഷ.

പ്രചരണത്തിന്‍റെ അവസാന ലാപ്പിലും വന്യമൃഗ ഭീഷണിയിൽ വലയുന്ന മലയോര കർഷകരുടെ സങ്കടങ്ങൾ തന്നെയാണ് പ്രധാ ചർച്ച. ഇടത് കോട്ടയെന്ന വിളിപ്പേരിൽ ഇത്തവണ മാറ്റമുണ്ടാവുമോ എന്നതിലാണ് ആകാംഷ. ആളും ആരവവും ഒട്ടും കുറയാതെ മലയോര വഴികളിലൂടെയും ഇടവഴിയിലൂടെയും മൂവരും വോട്ട് തേടുമ്പോൾ വാമനപുരത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് നേർക്കുനേർ പോരാട്ടമാണ്.

ENGLISH SUMMARY:

Vamanapuram constituency is witnessing a strong electoral battle with LDF aiming to retain its traditional stronghold and UDF hoping for a change. The campaign, initially focused on development and agricultural issues, has seen a shift towards religious and caste appeals in the final phase.