സ്പീക്കറായാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താമോ...? രാഷ്ട്രീയം പറയാമോ...? ഈ ചോദ്യങ്ങളെയൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇത്തവണ മത്സര രംഗത്തില്ലാത്തതിനാല്‍, എല്‍.ഡി.എഫിന്‍റെ താരപ്രചാരകനായി കേരളത്തിലുടനീളം സഞ്ചരിക്കുകയാണ് ഷംസീര്‍. തിരുവനന്തപുരത്തെ ഷംസീറിന്‍റെ പ്രചാരണ പരിപാടികളെ പിന്തുടരുകയാണ് മനോരമന്യൂസ് സംഘം.
കോവളം മണ്ഡലത്തിലെ വിഴിഞ്ഞത്ത് ചെറിയൊരു കുടുംബ യോഗത്തോടെയാണ് തിരുവനന്തപുരത്തെ എ.എന്‍ ഷംസീറിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. പതിവ് പോലെ സരസമായ ഭാഷയില്‍ ഷംസീറിന്‍റെ പ്രസംഗം. പത്ത് വര്‍ഷമായി കേരളത്തില്‍ പവര്‍ക്കട്ടും ലോഡ് ഷെഡിംഗുമില്ലെന്ന ഭരണ നേട്ടം വിവരിക്കാന്‍ സ്പീക്കര്‍ ഉദാഹരിച്ചത് വിഴിഞ്ഞത്തിന്‍റെ സ്വന്തം സഞ്ജു സാംസണെ.
വിഴിഞ്ഞത്തെ കുടുംബയോഗം കഴിഞ്ഞ് മടങ്ങവേ ഷംസീര്‍ മനോരമന്യൂസുമായി തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവച്ചു.
കടകംപള്ളി സുരേന്ദ്രനായി കഴക്കൂട്ടം മണ്ഡലത്തിലെ പൗണ്ട് കടവിലായിരുന്നു ഷംസീറിന്‍റെ അടുത്ത പ്രചാരണ പരിപാടി. രാജ്യാന്തര രാഷ്ട്രീയം മുതല്‍ പ്രാദേശിക രാഷ്ട്രീയം വരെ കോര്‍ത്തിണക്കിയുള്ള പ്രസംഗം. പശ്ചിമേഷ്യന്‍ യുദ്ധം നമ്മുടെ അടുക്കളവരെ എത്തിയതും അമേരിക്കന്‍ അപ്രമാദിത്യത്തിന് മുന്നില്‍ പ്രധാനമന്ത്രിക്ക് യു.ഡി.എഫിന്‍റെ ഡീല്‍ ആരോപണവുമെല്ലാം പ്രസംഗത്തില്‍ കടന്നുവന്നു. ബിജെപിയെ രാഷ്ട്രീയമായി കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് വിമര്‍ശനം. ഉദാഹരണായി പറഞ്ഞത് പാലക്കാട്ടെ പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം.
ഇതിനിടെയാണ്, സ്പീക്കറെ പ്രചരണത്തല്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ചവറയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പില്ലെന്നും പ്രചാരണം തുടരുമെന്നും പ്രഖ്യാപനം. തുടര്‍ന്ന് കേരളം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലേക്ക്. പുന്തുറ പ്രവര്‍ത്തകുരടെ ആവേശ്വോജ്ജല സ്വീകരണം. നേമത്തെ മുഖ്യ എതിരാളിയായ ബിജെപിയെ കടന്നാക്രമിച്ച് പ്രസംഗം.
പ്രസംഗത്തിന് ശേഷം തൊട്ടടുത്തുള്ള ചായക്കടയില്‍ നിന്ന് കാലിച്ചായയും കുടിച്ച് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയായുള്ള കാത്തിരിപ്പ്. ശിവന്‍കുട്ടി എത്തിയതോടെ അദ്ദേഹത്തിന്‍റെ തുറന്ന വാഹനത്തില്‍ ചെറിയൊരു റോഡ് ഷോ.