പത്തനംതിട്ട ഊന്നുകല്ലിൽ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്നാണ് ആവശ്യപ്പെട്ട് വാര്യാപുരം സ്വദേശി ആരോമലാണ് (23)ഭീഷണി മുഴക്കിയത്. സ്ഥലത്ത് പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി അനുനയനീക്കങ്ങള്‍ നടത്തിയതിനൊടുവില്‍ രാവിലെയാണ് ഇയാള്‍ താഴെയിറങ്ങിയത്.
ഇന്നലെ രാത്രിയാണ് ഭാര്യയുടെ വീടിനു മുന്നിലുള്ള ഇലക്ട്രിക് ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആരോമല്‍ ഭീഷണി ആരംഭിച്ചത്. മറ്റൊരു പെൺകുട്ടിയെ കൂടി ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഏഴു മാസം ഗർഭിണിയായ മറ്റൊരു പെൺകുട്ടിയെയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ ഇനി തിരികെ പോകാൻ കഴിയില്ലെന്നുമാണ് ഭാര്യയുടെ നിലപാട്.
ആരോമല്‍ രാത്രി മുതൽ 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോർമറിന് മുകളിൽ വലിഞ്ഞുകയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വലിയ ഉയരത്തിലുള്ള ട്രാൻസ്ഫോർമറിൽ നിന്നും താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്.
ആരെങ്കിലും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചാൽ ഇയാൾ കൂടുതൽ പ്രകോപിതനാകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഒടുവിൽ പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട ഇടപെടലുകൾക്കും അനുനയ നീക്കങ്ങൾക്കും ശേഷം ഇയാളെ സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്ന ഈ സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.