തലസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളില്‍ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. നഗരൂര്‍ കൊടുവഴന്നൂര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്. കാലുകൊണ്ട് കഴുത്തില്‍ ലോക്കിട്ട് മുറുക്കി ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് ക്രൂരമര്‍ദ്ദനം. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരതയില്‍ പ്ലസ് വണുകാരന്‍ ശ്വാസം മുട്ടി പിടയുന്നതും ദൃശ്യങ്ങളിലുണ്ട്. പ്ലസ് വണ്‍ ക്ലാസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാട്സാപ് ഗ്രൂപ് തുടങ്ങിയതിനെച്ചൊല്ലിയാണ് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂള്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് കൊണ്ടുപോയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്നത് പ്ലസ് ടു വിദ്യാര്‍ഥികള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ആക്രമിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളിലെത്തിയതോടെയാണ് നഗരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്കൂളിന് പുറത്താണ് അക്രമം നടന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.