devan-allegation

വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. കുടുംബ യോഗത്തില്‍ പങ്കെടുക്കാനായാണ് എത്തിയത്. വൈകുമെന്ന് അറിയിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പരിചയക്കാരന്‍റെ വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു. യുഡിഎഫും എൽഡിഎഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി അവിടെ എത്തിയതെന്നും ദേവൻ ആരോപിച്ചു.

യോഗം ആരംഭിക്കുന്നതിനു കാലതാമസം ഉണ്ടെന്ന് പറഞ്ഞതനുസരിച്ച് ഇങ്ങോട്ട് വന്നത്. പാർട്ടി അംഗമാണ് സുഹൃത്തിന്റെ വീടുണ്ടെന്നും അവിടെ നിന്ന് ചായകുടിക്കാമെന്നും പറഞ്ഞത്. അതുകഴിയുമ്പോഴേക്കും പരിപാടി തുടങ്ങാറാകുമെന്നും അറിയിച്ചു. അതനുസരിച്ചാണ് അങ്ങോട്ടേക്ക് വരുന്നതെന്നും ദേവന്‍ പറഞ്ഞു.

''രണ്ടു മൂന്നു ദിവസമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലാണ്. ഇന്നലെ നിര്‍മലാ സീതാരാമന്‍റെ പരിപാടിക്ക് പോയി. ഇന്നലെ ചാര്‍ട്ട് ചെയ്ത പരിപാടികളാണ് ഇന്നത്തേത്. രാവിലെ 8 മുതല്‍ ഒന്‍പത് വരെ കുടുംബ യോഗങ്ങളാണ്. മൂന്നിടത്ത് പോയി. നാലാമത്തേതാണ് വാടനപ്പള്ളിയിലേത്'' ദേവന്‍ പറഞ്ഞു. 

''ഇവിടെ 11 മണിക്ക് എത്തിയപ്പോള്‍ അര മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചു. എന്റെ കൂടെ വന്ന പാർട്ടി അംഗമാണ് സുഹൃത്തിന്റെ വീടുണ്ടെന്നും അവിടെ നിന്ന് ചായകുടിക്കാമെന്നും പറഞ്ഞത്. റെഡിയാകുന്നത് വരെ ഇവിടെ വന്നിരുന്ന് മെല്ലേ പോകാമെന്ന് പറഞ്ഞു. വീടുടമ ചായകുടിക്കാന്‍ ക്ഷണിച്ചു.  ചായ എടുത്തപ്പോഴാണ് പുറത്ത് ഭയങ്കര മുദ്രാവാക്യം. ടി.എന്‍ പ്രതാപനും അനുയായികളും ഗേറ്റില്‍ പിടിച്ച് വലിച്ച് ദേവന്‍ കിറ്റ് വിതരണം ചെയ്യാന്‍ വന്നതാണെന്ന് പറയുന്നു'' എന്നിങ്ങനെയാണ് ദേവന്‍റെ വാക്കുകള്‍.

വാടാനപ്പള്ളി തളിക്കുളത്തെ 'ചാമ്പ്യൻ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നു എന്നാണ് യുഡിഎഫ്– എല്‍ഡിഎഫ് ആരോപണം. ഗോഡൗണിന് മുകളിലെ ഉടമയുടെ വീട്ടിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. കിറ്റ് വിതരണം നിയന്ത്രിക്കാനാണ് നേതാക്കൾ എത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ENGLISH SUMMARY:

Devan, a BJP leader and actor, has clarified his stance on the Vadanappally kit distribution incident, stating that the BJP has no connection to it. He explained that he was present at a family meeting and was invited for tea by BJP workers at a friend's house while waiting for the event to start, refuting allegations of his involvement in kit distribution.