kozhikode-building-collapse

നഗരമധ്യത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് വീണ്ടും അപകടം. മിഠായിത്തെരുവിനോട് ചേർന്നുള്ള മൊയ്തീൻ പള്ളി റോഡിലെ മൊബൈൽ ഷോപ്പിന്റെ സൺഷേഡും മേൽക്കൂരയുമാണ് വൈകിട്ട് അഞ്ചുമണിയോടെ തകർന്നു വീണത്. തിരക്കേറിയ സമയത്താണ് അപകടമുണ്ടായതെങ്കിലും ആർക്കും പരുക്കേൽക്കാത്തത് വലിയ ആശ്വാസമായി.

ഏകദേശം 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. രണ്ട് മാസം മുമ്പ് വലിയങ്ങാടിയിൽ സമാനമായ രീതിയിൽ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് നാല് പേർ മരിച്ചിരുന്നു. ആ സംഭവത്തിന് പിന്നാലെ നഗരത്തിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടായില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു. ഈ കെട്ടിടത്തിൽ നിന്ന് പ്രതിമാസം 36,000 രൂപയോളം കോർപ്പറേഷൻ വാടകയായി ഈടാക്കുന്നുണ്ട്.  ഇത്രയും തുക വാടക വാങ്ങുമ്പോഴും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഒരു രൂപ പോലും കോർപ്പറേഷൻ ചിലവാക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. വ്യാപാരികൾ സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറായാൽ പോലും അതിന് അനുമതി നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കെട്ടിടത്തിന്റെ മുകൾഭാഗം ഇനിയും ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മുൻപ് ഇവിടെ കട നടത്തിയിരുന്ന പലരും കെട്ടിടത്തിന്റെ സുരക്ഷാഭീഷണി കണക്കിലെടുത്ത് കച്ചവടം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കടുത്ത അനാസ്ഥയാണ് വീണ്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാരും വ്യാപാരികളും ഒരേപോലെ ആരോപിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ കോഴിക്കോട് നഗരത്തിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.  

ENGLISH SUMMARY:

Kozhikode building collapse incidents are raising concerns about the safety of old structures in the city. The recent collapse of a sunshade and roof of a corporation-owned building on Moideen Pally Road highlights the urgent need for action.