udf

ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്ദുല്‍ റഷീദിന്‍റെ പ്രചാരണം തടസപ്പെടുത്തി കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. മുഷു എന്ന് വിളിപ്പേരുള്ള ലിജില്‍ എന്നയാള്‍ക്കെതിരെയാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. സിപിഎം ക്രിമിനലായ പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു. തനിക്കെതിരെ സിപിഎം കൊലവിളി നടത്തിയെന്ന് സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു. 

അഞ്ചരക്കണ്ടി കൈതപ്രത്ത് വാഹന പര്യടനത്തിനിടെയാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍. സംഭവത്തില്‍ യുഡിഎഫിന്‍റെ ആരോപണം ഇങ്ങനെ. സിപിഎം ക്രിമിനലായ ലിജില്‍ വാഹനം തടഞ്ഞു. ഇതിവിടെ പറ്റില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദിനെ പിടിച്ചുതള്ളി. ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ത്രീകളെ അധിക്ഷേപിച്ചു. പ്രചാരണത്തിലുണ്ടായിരുന്ന സ്കൂട്ടറിന്‍റെ താക്കോല്‍ കൈവശപ്പെടുത്തി എന്നിങ്ങനെയാണ് ആരോപണങ്ങള്‍. പിന്നാലെ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനൊടുവിലാണ് ലിജിലിനെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്. തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അബ്ദുല്‍ റഷീദ് മനോരമ ന്യൂസിനോടു പറഞ്ഞു

വിഷയം പ്രചാരണത്തില്‍ സജീവ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. തീക്കളിയാണിതെന്ന് ഡിസിസി പ്രസി‍ഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് നീക്കം.

ENGLISH SUMMARY:

Dharmadam election campaign faced obstruction and assault allegations against a UDF candidate, V.P. Abdul Rasheed. Police have registered a case against a CPM-affiliated individual for allegedly disrupting the campaign and assaulting the candidate.