കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മലപ്പുറം സ്വദേശിക്ക്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി.പത്മനാഭനാണ് ലോട്ടറിയടിച്ചത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി. 10 കോടിയാണ് ഒന്നാം സമ്മാനം.
ഒന്നാം സമ്മാനമായ 10 കോടി രൂപയും രണ്ടാം സമ്മാനമായ ഒരു കോടി രൂപയും പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. പാലക്കാട് വച്ചാണ് പത്മനാഭന്‍ ടിക്കറ്റെടുത്തതും. പത്മനാഭൻ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റ് നഷ്ടത്തെ തുടർന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് ജോലി ആവശ്യാർഥം പാലക്കാട്ടേക്കുള്ള യാത്രയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.
പത്മനാഭന്‍ എടുത്ത SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട്ടെ ലോട്ടറി ഏജന്റായ എസ്.മധുസൂദനൻ വിറ്റ ടിക്കറ്റാണിത്. SE 660573 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഈ ടിക്കറ്റും പാലക്കാട് ജില്ലയിൽ തന്നെയാണ് വിറ്റത്. ഒരു ലക്ഷം രൂപയുടെ അഞ്ചു സമാശ്വാസ സമ്മാനങ്ങളും പാലക്കാട്ട് വിറ്റ ടിക്കറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മർ, തിരുവോണം, പൂജ ബംപർ നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കായിരുന്നു.
ആകെ 42 ലക്ഷം ടിക്കറ്റുകളാണ് സമ്മര്‍ ബംപര്‍ നറുക്കെടുപ്പിനായി വിറ്റത്. ഇതില്‍ 41.73 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. ഏറ്റവും കൂടുതൽ വിൽപന നടന്നതും പാലക്കാട് ജില്ലയിലാണ്.