വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ എണ്‍പതുകാരിക്ക് പരുക്ക്. കൈതവേലിൽ തങ്കമ്മയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് വച്ചായിരുന്നു കാട്ടാന ആക്രമണം. പരുക്കേറ്റ തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ആറുമണിയോടു കൂടി ശുചിമുറിയില്‍ പോകാനായി വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തി ആക്രമിച്ചത്. ആന എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. തൊട്ടടുത്ത കുഴിയിലേക്ക് വീണ തങ്കമ്മയെ ആന കുത്താനും ശ്രമിച്ചു. ശരീരത്തിന്റെ പുറകിൽ കൊമ്പിന്റെ പാടുകളുണ്ട്. വീട്ടുകാര്‍ ബഹളം വച്ചതോടെയാണ് ആന കാടുകയറിയത്. തങ്കമ്മയുടെ രണ്ട് കാലുകളുടെയും എല്ലുകൾ പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും പരുക്കുണ്ട്.
400 ലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് മൂടക്കൊല്ലി. ഇതിനു മുമ്പും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.