കൊച്ചിയിൽ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയുടെ അന്വേഷണം ക്രൂസ് കപ്പലിലെ പാർട്ടിയിലേക്കും. കേസിൽ പിടിയിലായ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂസ് പാർട്ടി നടത്തിയിരുന്നു. കേസിൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചു. 

ഡോക്ടർ, അഭിഭാഷകൻ, ഇവന്‍റ് മാനേജ്മെന്റ് ഉടമ എന്നിവരെയാണ് ഇന്നലെ കൊക്കെയ്നും, ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി ആഡംബര ഹോട്ടലിൽ നിന്ന് പിടികൂടിയത്. വാണിജ്യ അളവിലുള്ള ലഹരി ഇല്ലാത്തതിനാൽ 8 പേരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. കേസിൽ പിടിയിലായ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ എന്ന ഷോൺ ശനിയാഴ്ച കൊച്ചിയിൽ ക്രൂസ് പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടിയിലേക്ക് ലഹരി ഒഴുക്കിയതായാണ് വിവരം. 

പാർട്ടിക്ക് പിന്നാലെയാണ് ഇവർ ആഡംബര ഹോട്ടലിൽ ഒത്തുകൂടിയതെന്നും വിവരമുണ്ട്. പ്രതികൾ ഉപയോഗിച്ച ലഹരി വിദേശത്തുനിന്നാണ് എത്തിയതെന്നാണ് കണ്ടെത്തൽ. കേസിൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചു. ഷോൺ ഇതിന് മുൻപും ക്രൂസ് പാർട്ടി നടത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഷോൺ പദ്ധതിയിട്ട ക്രൂസ് ആഫ്റ്റർ പാർട്ടി കസ്റ്റംസ് തകർത്തിരുന്നു. പാർട്ടിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ലഹരിയും ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 

ENGLISH SUMMARY:

Kochi drug bust intensifies as the luxury hotel raid expands to a cruise ship party. Authorities are investigating the alleged drug distribution from the party to the hotel, with customs also launching a probe.