തിരഞ്ഞെടുപ്പിനു ചൂടേറിയപ്പോൾ വയനാട് മേപ്പാടിയിലെ സർക്കാർ ടൗൺഷിപ്പിന്‍റെ നിർമാണം തണുത്തു. ബംഗാളിലേയ്ക്കും മറ്റും അതിഥി തൊഴിലാളികൾ വോട്ടുചെയ്യാൻ മടങ്ങിയതാണ് പണി മന്ദഗതിയിലാകാൻ കാരണമെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം.
മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്‍റ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. 178 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അന്ന് വീടുകൾ കൈമാറിയെങ്കിലും കയറി താമസിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. മഴയ്ക്കു മുമ്പ് തീർക്കാനായില്ലെങ്കിൽ വീടുകളുടെ പൂർത്തീകരണം പിന്നെയും വൈകും.
ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് തൊഴിലാളികൾ പോയതെന്നാണ് കരാർ കമ്പനിയായ ഊരാളുങ്കലിന്‍റെ വിശദീകരണം.178 വീടുകളുടെ ശേഷിച്ച പണികൾ പൂർത്തിയാകാനുണ്ട്. ഒപ്പം മാലിന്യ പ്ലാന്‍റിന്‍റെയും, ജലസംഭരണിയുടെയും നിർമാണവും തീർന്നിട്ടില്ല. തൊഴിലാളികൾ തിരിച്ചെത്തിയാൽ വേഗത്തിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് കരാർ കമ്പനിയുടെയും സർക്കാരിന്‍റെയും പ്രതീക്ഷ.