പ്രാഥമിക സഹകരണസംഘങ്ങളുടെ സോഫ്റ്റ്വെയര് സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കുന്നതില്‍ 700 കോടി രൂപ വെട്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല. 4415 പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ് വെയർ തയ്യാറാക്കാന്‍ ടിസിഎസിന് 206 കോടിരൂപയ്ക്ക് ഉറപ്പിച്ച കരാര്‍ റദ്ദാക്കിയെന്നും ആ കരാര്‍ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാണ് നീക്കമെന്നും അദ്ദേഹം പറയുന്നു. ദിനേശ് ബീഡി സംഘത്തിന് കരാര്‍ നല്‍കിയാല്‍ ചെലവ് 914 കോടിയാകും. ദിനേശ് സംഘത്തിനുവേണ്ടി കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തുകയും ചെയ്തെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് കൊണ്ട് ടെന്‍ഡര്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ടിസിഎസിന് നിശ്ചയിച്ചിരുന്ന കരാര്‍ നിലവില്‍ അതിന്‍റെ നാലിരട്ടി തുകയ്ക്കാണ് ഈ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.