ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി.ഗോപാലകൃഷ്ണന്‍റെ വിവാദ വിഡിയോയ്​ക്കെതിരെ  ഹൈക്കോടതി. വിഷയം ഗൗരവതരമാണെന്നും ഗുരുതര സ്വഭാവമുള്ളതാണ് ഉള്ളടക്കമെന്നും കോടതി ചൂണ്ടിക്കാട്ടി. പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ ആഘാതം എങ്ങനെ മറികടക്കുമെന്നും മാതൃക പെരുമാറ്റച്ചട്ടം കൊണ്ട് എന്ത് ചെയ്യാനാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. കെഎസ്‌യു നേതാവ് കെ.ഗോകുലിന്‍റെ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങൾ. ഗോകുൽ നൽകിയ പരാതിയിൽ രണ്ടുമാസത്തിനകം നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം നൽകി. പരാമർശത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വരണാധികാരിയുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. നടപടികൾ ആരംഭിച്ചതായും, വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. 

അതേസമയം, വിവാദ വിഡിയോ സംബന്ധിച്ച തന്‍റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും  ആ സമയത്ത് താന്‍ സ്ഥാനാര്‍ഥിയായിരുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. എന്താണ് കോടതി പറഞ്ഞതെന്ന് അറിയില്ലെന്നും വിശദീകരണം വക്കീല്‍ പറയുമെന്നും അറിയിച്ച അദ്ദേഹം താന്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. 

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്നായിരുന്നു വിവാദ വിഡിയോയിലെ പരാമര്‍ശം. മതം പറഞ്ഞ് വോട്ടു ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ഗോപാലകൃഷ്ണനെതിരെ കെഎസ്​യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് കേസും റജിസ്റ്റര്‍ ചെയ്തിരുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ ചിഹ്നങ്ങളോ സ്ഥലങ്ങളോ വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിച്ചു എന്നതുൾപ്പെടെയുള്ള ചട്ടലംഘനങ്ങളാണ് ഗോപാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുവായൂരിൽ ആകെ ജനസംഖ്യയുടെ പകുതിക്കടുത്ത് ഹൈന്ദവരുണ്ടായിട്ടും കഴിഞ്ഞ അരനൂറ്റാണ്ടായി ഇടതു–വലതു മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.  കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്‍റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം വിഡിയോയില്‍ അവകാശപ്പെട്ടിരുന്നു. വിവാദമായിട്ടും പ്രസ്താവന ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനും ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

The Kerala High Court has expressed grave concern over BJP candidate B. Gopalakrishnan's controversial video seeking votes on religious grounds for the Guruvayur seat. While the Election Commission confirmed receiving multiple complaints, the court questioned how the impact of such polarizing statements could be mitigated. Gopalakrishnan faces charges for violating the model code of conduct by using religious symbols and sentiments during the 2026 election campaign.