sabarimala

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടിയേക്കും. സ്വർണപ്പാളികളുടെ സാംപിൾ ജംഷഡ്‍പുർ ലാബിൽ വിശദപരിശോധനക്ക് അയച്ചതിന്‍റെ ഫലം  ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസും ഇന്ന് കോടതിയിൽ സമർപ്പിക്കും.

ശബരിമല സ്വർണക്കൊള്ള കേസിൽ മാർച്ച് 31നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. സ്വർണപ്പാളികളുടെ 36 സാംപിളുകൾ കൂടുതൽ പരിശോധനകൾക്കായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൻ്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാൽ ഒരു തവണ കൂടി പ്രതികളെ ചോദ്യം ചെയ്യണം. ഇതിനുശേഷം മാത്രമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂയെന്ന് എസ്.ഐ.ടി ഇന്ന് കോടതിയെ അറിയിക്കും.

അതേസമയം ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് സംസ്ഥാന വിജിലൻസ് ഇന്ന് സമർപ്പിക്കും. കൊടിമരത്തിനായി സ്വർണം വഴിപാടായി നൽകിയ 27 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. വഴിപാട് സ്വർണവും പുനഃപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച സ്വർണത്തിൻ്റെ അളവും തമ്മിൽ വ്യത്യാസമില്ലെന്നാണ് വിവരം. കൂടുതല്‍ വിശദമായ അന്വേഷണം വേണോ എന്നതിൽ ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഇന്ന് തീരുമാനമെടുക്കും.

ENGLISH SUMMARY:

Sabarimala gold heist case investigation is ongoing with the Special Investigation Team seeking more time from the High Court to submit the final report. Results from gold plate samples sent to a Jamshedpur lab are still pending, and the SIT plans to question the accused again after receiving them.