SABARIMALA-THANTHRI

ശബരിമല തന്ത്രിയെ നിയമിക്കാനുള്ള അധികാരമുണ്ടായിട്ടും ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് നിശ്ചയിച്ചുറപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി. ശബരിമലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിഷയത്തില്‍ സ്വന്തം നിലയിൽ പൂർത്തിയാക്കേണ്ട കാര്യങ്ങളില്‍ ബോര്‍ഡിന് അലംഭാവമെന്ന് പരാതി. കഴിഞ്ഞമാസം പുറത്തിറക്കിയ അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ നിയമനപ്പട്ടിക ഏഴാംവട്ടവും പരിഷ്കരിക്കാനാണ് നീക്കം. വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തതിനാല്‍ പല ഉദ്യോഗസ്ഥരും കസേരയില്ലാതെ വട്ടം ചുറ്റുകയാണ്. 

കൈ പൊള്ളിയ അനുഭവങ്ങളുടെ പേരിലാണ് കരുതലെന്ന് ബോർഡ്. അങ്ങനെയെങ്കിൽ നിയമന പട്ടിക ആറ് വട്ടം പരിഷ്കരിച്ചിറക്കിയത് ആര്‍ക്കുവേണ്ടിയാണ്. ചുമതല നൽകിയവരെ തിരിച്ച് വിളിച്ചും വിജിലൻസ് റിപ്പോർട്ട് നൽകേണ്ടവരുടെ കാര്യത്തിൽ നിസംഗത പാലിച്ചും മൗനം തുടരുന്നത് എന്തിന്. ഫലത്തിൽ ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ ക്ഷേത്രങ്ങളിലെ സുപ്രധാന പദവിയിൽ ആളില്ല. മാനദണ്ഡം നിശ്ചയിക്കുന്നതിലെ പിഴവ്, പദവി നൽകിയവരുടെ വിജിലൻസ് റിപ്പോർട്ട് വൈകുന്നത് അങ്ങനെ പ്രതിസന്ധി പലതുണ്ട്. ശബരിമല തീർഥാടന മുന്നൊരുക്കം ഉൾപ്പെടെ തുടങ്ങിയെന്ന അവകാശവാദം പൊള്ളയായി മാറുന്ന സാഹചര്യമുണ്ട്. 

വൈക്കം, തിരുവനന്തപുരം വിജിലന്‍സ് സോണുകളിലേക്ക് നിയമിച്ച ഉദ്യോഗസ്ഥരുടെ‍ കസേരയുറപ്പിക്കുന്നതിനും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കണം. വിജിലന്‍സ് എസ്.പി അന്വേഷിച്ച് തീരുമാനിക്കുമെന്ന് മാത്രമാണ് ഭരണസമിതിയുടെ മറുപടി. കടുംപിടത്തവും അലംഭാവവും ഏത് കാരണത്താലാണെങ്കിലും ശബരിമല തീര്‍ഥാടന തയാറെടുപ്പിനെ വരെ ബാധിക്കുമെന്ന് ജീവനക്കാരുടെ പരാതി. 

ENGLISH SUMMARY:

Sabarimala Devaswom Board is facing criticism for delays in critical appointments and administrative decisions. The Travancore Devaswom Board's inaction on key positions is impacting Sabarimala's operational readiness.