sasi-tharoor

തിരുവനന്തപുരത്ത് ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി. ഒരു മാസം നീണ്ട വിദേശപര്യടനത്തിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയ ആദ്യ പൊതുപരിപാടിക്കിടെയാണ് ശശി തരൂർ ലിഫ്റ്റിൽ കുടുങ്ങിയത്. പിഎംജിയിലെ സ്വകാര്യ ഹോട്ടലിന്റെ ആറാം നിലയിലാണ് പേഴ്സണൽ സ്റ്റാഫും റോട്ടറി ക്ലബ്ബിൻറെ ഭാരവാഹികളും ശശി തരൂരും അര മണിക്കൂറോളം അകപ്പെട്ടത്.

ഹോട്ടലിലെ ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് തകരാറിലായത്. ലിഫ്റ്റ് പ്രവർത്തനം നിലച്ചതോടെ അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ഹോട്ടൽ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഹൈഡ്രോളിക് സ്പ്രെഡറും പ്രത്യേക ലിഫ്റ്റ് കീയും ഉപയോഗിച്ചാണ് ലിഫ്റ്റിന്റെ വാതിൽ തുറന്നത്. തുടർന്ന് ശശി തരൂരിനെയും ഒപ്പമുണ്ടായിരുന്നവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. സംഭവത്തിൽ ആർക്കും പ്രത്യേക പ്രശ്നങ്ങള്‍ ഇല്ലെന്ന് ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പത്മകുമാർ പറഞ്ഞു.

ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നും എന്നാൽ അതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടായില്ലെന്നും ശശി തരൂർ പിന്നീട് പ്രതികരിച്ചു.രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. അരമണിക്കൂർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നപ്പോൾ പുതിയ എഴുത്തിനുള്ള എന്തെങ്കിലും ആശയം ലഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് ദൃശ്യമാധ്യമങ്ങൾക്കുള്ള ഒരു വിരുന്നാണ് എന്നായിരുന്നു തരൂരിന്റെ മറുപടി.

ENGLISH SUMMARY:

MP Shashi Tharoor was recently trapped in a hotel elevator in Thiruvananthapuram for about half an hour after returning from a month-long foreign tour. The rescue operation involved the Fire and Rescue Services who successfully opened the lift doors.