fire-force-vehicle-overturns-en-route-to-sabarimala-duty-officers-injured
  • ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർ ഫോഴ്സ് വാഹനം ആലപ്പാട് ജംഗ്ഷനിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു.

ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന അഗ്നിരക്ഷാസേന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉദ്യോഗസ്ഥർക്ക് പരുക്ക്. അപകടത്തിൽ തിരുവല്ല ഫയർ സ്റ്റേഷനിലെ രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പാട് ജംഗ്ഷനിലാണ് അപകടം നടന്നത്. കോട്ടയം ഫയർ സ്റ്റേഷനിൽ നിന്നുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

വലിയ ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പും രണ്ട് തീർത്ഥാടക വാഹനങ്ങളും ഉൾപ്പെടെയുള്ളവയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.

വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്ക് നിസ്സാര പരുക്കുകളാണുള്ളത്.

അപകടത്തിൽപ്പെട്ട വനം വകുപ്പിന്റെ ജീപ്പും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനങ്ങളിൽ ആരും ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ടായെങ്കിലും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.

ENGLISH SUMMARY:

A Fire and Rescue Services vehicle en route to Sabarimala duty overturned at Alappad Junction this afternoon, leaving several officers injured. One officer, Renjith from the Thiruvalla Fire Station, is in critical condition and has been admitted to Kottayam Medical College Hospital. The accident occurred while descending a steep road, causing the vehicle to strike a parked Forest Department jeep and two pilgrim vehicles before flipping over. Fortunately, a major tragedy was averted as the occupants of the parked vehicles were inside a nearby hotel at the time of the collision.