brazil-won

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന രാജ്യാന്തര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീലിനെതിരെ ഇന്ത്യയ്ക്ക് നാലു ഗോളുകളുടെ തോല്‍വി . സാമുവല്‍ ലിനോ ഇരട്ടഗോള്‍ നേടി . എസ്റ്റവൊ, പെഡ്രോ എന്നിവരും ബ്രസീലിനായി സ്കോര്‍ ചെയ്തു. തുടക്കം മുതല്‍ തന്നെ ബ്രസീല്‍ തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. 

58, 90+5 മിനിറ്റുകളിലായിരുന്നു സാമുവൽ ലിനോയുടെ ഗോളുകൾ. 28–ാം മിനിറ്റിൽ എസ്തേവാവോ വില്ലെയ്ൻ, 42–ാം മിനിറ്റിൽ പെഡ്രോ എന്നിവരും ബ്രസീലിനായി വല കുലുക്കി.

 

28–ാം മിനിറ്റുവരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. മത്സരത്തിന്റെ ആദ്യ സെക്കൻഡിൽ തന്നെ ബ്രസീലിന്റെ മുന്നേറ്റമാണ് മൈതാനം കണ്ടത്. ഇന്ത്യൻ ഗോൾ മുഖത്തിന് ഇടതു ഭാഗത്തുനിന്ന് ബോക്സിനു പുറത്ത് വിനീസ്യൂസ് ജൂനിയറിന്റെ നീക്കം. അൻവർ അലി പ്രതിരോധിച്ചതോടെ ഇന്ത്യ കോർണർ വഴങ്ങുന്നു. പക്ഷേ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു. അഞ്ചാം മിനിറ്റിൽ ഇന്ത്യയ്ക്ക് രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും അനിരുദ്ധ് ഥാപ്പയുടെ തന്ത്രങ്ങൾ ലക്ഷ്യം കണ്ടില്ല. രണ്ടാം കോർണറിൽ ബ്രസീൽ പ്രതിരോധിച്ച പന്ത് ബോക്സിനു പുറത്തുനിന്ന് ഇന്ത്യൻ‌ താരം അപൂയ പോസ്റ്റിലേക്കു പായിച്ചെങ്കിലും ഗോൾ കിക്കായി അവസാനിച്ചു

 

ഏഴാം മിനിറ്റിൽ ബ്രസീലിനായി വീണ്ടും വിനീസ്യൂസിന്റെ നീക്കം. ഫസ്റ്റ് ടച്ചിൽ പന്തെടുത്ത വിനീസ്യൂസ് ഗോളിലേക്ക് ലക്ഷ്യം വച്ചെങ്കിലും ഇന്ത്യൻ താരം അബിമീറ്റെ ടെക്കാമിന്റെ ഇടപെടലിൽ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 13–ാം മിനിറ്റിൽ പന്തുമായി ബ്രസീൽ ബോക്സിലെത്തി മൻവീർ സിങ് ഗോളിലേക്കു ലക്ഷ്യം വയ്ക്കുമെന്നു തോന്നിച്ചു. ബ്രസിൽ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ഫോർവേഡിനു പിഴച്ചു. പന്തു നിയന്ത്രിക്കാനാകാതെ മൻവീർ ഗ്രൗണ്ടിൽ വീണു.15–ാം മിനിറ്റിൽ ബ്രസീൽ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് വീണ്ടും മൻവീർ സിങ് കുതിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് പന്തു പ്രതിരോധിച്ചു.

ENGLISH SUMMARY:

India lost to Brazil in a football friendly match held in Kolkata. Samuel Lino scored a brace for Brazil, contributing to their dominant victory.