ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണിയ ഗാന്ധിയെ പരിചരിച്ചത് മലയാളി നഴ്സ്. രാത്രിയിലുടനീളം സോണിയയെ ശുശ്രൂഷിച്ചത് കേരളത്തില്‍ നിന്നുള്ള നഴ്സാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് യു.ഡി.എഫ് മഹാറാലിയില്‍ വെര്‍ച്വലായി പങ്കെടുക്കുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍. രാജ്യസഭാംഗമായ സോണിയ ഗാന്ധിയെ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ സര്‍ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

‘കഴിഞ്ഞ ദിവസം രാത്രി ഞാന്‍ ആശുപത്രിയില്‍ അമ്മയുടെ മുറിയിലെ സോഫയില്‍ കിടക്കുകയായിരുന്നു. ഏതൊരു മകനെയും പോലെ അമ്മയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു. അമ്മയെ പരിചരിക്കാനെത്തിയ ആ നഴ്സ് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഓരോ മണിക്കൂറിലും അവര്‍ വന്ന് പരിശോധിച്ചു. അവര്‍ ചിരിക്കുകയും അമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുകയും ചെയ്തു. എത്ര പേര്‍ക്കാണ് പ്രയാസകരമായ നിമിഷങ്ങളിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാർ ആശ്വാസമായിട്ടുണ്ടാകുമെന്ന് ഞാൻ ചിന്തിച്ചുപോയി’ – ഇതായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. 

‘നഴ്സുമായി സംസാരിച്ച കാര്യങ്ങളും രാഹുല്‍ ഗാന്ധി പങ്കുവച്ചു. രാത്രി മുഴുവന്‍ ജോലി ചെയ്യുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. ‘അതേ, ജോലി ചെയ്യും’ എന്നായിരുന്നു മറുപടി. ലോകം ഉറങ്ങുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്ത്രീ, കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും രാജ്യത്തും ലോകത്ത് എല്ലായിടത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയാണ്’ എന്നും രാഹുല്‍ പറഞ്ഞു. 

സർ ഗംഗാറാം ആശുപത്രി ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണ്. വയറിലും മൂത്രനാളിയിലും അണുബാധയ്ക്കുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു. കാലാവസ്ഥ മാറിയതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ENGLISH SUMMARY:

A Malayali nurse provided care to Sonia Gandhi at a Delhi hospital, offering immense comfort to Rahul Gandhi during a worrisome time. This highlights the significant contributions of nurses from Kerala to healthcare both within India and globally.