കൊച്ചി എടയാറിലെ വ്യവസായ സ്ഥാപനമായ സിജി ലൂബ്രിക്കന്റ്സില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ശത്രുമുഖ്യനാണ് മരിച്ചത്. തീപിടിത്തം നേരിടാന്‍ മതിയായ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് ഇടയാർ വ്യവസായ മേഖലയെ നടുക്കിയ തീപിടുത്തമുണ്ടായത്. കരിഓയിൽ ശുചീകരിച്ച് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിൽ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഓയിൽ ടാങ്കിലുണ്ടായ ലീക്കേജാണ് വൻ തീപിടുത്തത്തിലേക്ക് നയിച്ചത്.
ടാങ്കിലെ ലീക്ക് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബീഹാർ സ്വദേശിയായ ശത്രുമുഖ്യൻ അപകടത്തിൽപ്പെട്ടത്. ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോൾ അമ്പതോളം ജീവനക്കാർ സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്നു. പുക ഉയർന്നതോടെ ഭൂരിഭാഗം പേരും വേഗത്തിൽ പുറത്തിറങ്ങിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. ഏഴ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.