കനത്ത ചൂടില്‍ പൊള്ളിപ്പിടഞ്ഞ് കേരളം. 12 ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ വരെ കനത്ത ചൂട് തുടരുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വയനാട്ടിലും ഇടുക്കിയിലും മാത്രമാണ് ഒരല്‍പ്പമെങ്കിലും തണുപ്പുളളത്. പാലക്കാടും കൊല്ലവും 38 ഡിഗ്രി സെല്‍സ്യസ് ചൂടുമായി ചുട്ടുപൊളളുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകള്‍ 37 ഡിഗ്രിസെല്‍ഷ്യസ് ചൂടില്‍ വിയര്‍ക്കുന്നു. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ചൂടുയരുകയാണ്. എല്ലാ ജില്ലകളിലും രണ്ടു മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ മൂന്നുവരെയുളള സമയത്ത് സൂര്യപ്രകാശം ശരീരത്ത് നേരിട്ട് ഏല്‍ക്കരുതെന്നാണ് നിര്‍ദേശം.