kallan-jail-again

ജയിലിലെ വൃത്തിയുള്ള ഭക്ഷണവും മികച്ച ചികിത്സയും മിസ് ചെയ്തതിനാല്‍  തിരികെ ജയിലിൽ പോകാൻ വേണ്ടി മാത്രം വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിൽ. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും തിരുവനന്തപുരം കോവളത്താണ് സംഭവം. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് വീണ്ടും ജയിലിലേക്ക് മടങ്ങാനായി മോഷണം നടത്തി പൊലീസിന്റെ പിടിയിലായത്.

ജയിലിലെ ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും തനിക്ക് ഇഷ്ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടാതെ ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരി കൂടിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും ആകർഷണമായി. ഈ സൗകര്യങ്ങൾ വീണ്ടും ആസ്വദിക്കാനായി കോവളം മേഖലയിലെ രണ്ടിടങ്ങളിൽ ഇയാൾ മോഷണം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം ചെറുതും വലുതുമായ മോഷണക്കേസുകളിൽ പ്രതിയാണ് ദിലീപ് ഖാനെന്ന് പൊലീസ് അറിയിച്ചു.

ഹാർബർ റോഡിലെ സൂപ്പർമാർക്കറ്റിൽ നിന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഡി.വി.ആർ കുത്തിപ്പൊളിച്ച് മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. തുടർന്ന് കോവളത്തെ കോഴിക്കടയിൽ നിന്നും പണവും മൊബൈലുമായി കടന്നുകളഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞു. കോവളം എസ്.എച്ച്.ഒ ജെ.പി. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആഗ്രഹം പോലെ തന്നെ അധികം വൈകാതെ വീണ്ടും ജയിലിലെ 'മേസ്തിരി' പണിയിലേക്ക് മടങ്ങാനുള്ള അവസരം പൊലീസ് ഒരുക്കി നൽകി.

ENGLISH SUMMARY:

In a bizarre incident in Kovalam, a thief named Dileep Khan was arrested for committing robberies just to go back to jail. Having recently completed a sentence, the accused claimed he missed the clean food, medical care, and his job as a senior mason in the jail kitchen. Police identified him using CCTV footage from a supermarket and a poultry shop he robbed.