മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങൾക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു . പ്രസംഗത്തിനിടയിൽ ചോദ്യം ചോദിച്ച പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് ജോയി മാത്യു പരിഹസിക്കുന്നത്. പിആർ ഏജൻസികൾ എത്ര മിനുക്കിയെടുത്താലും ചിലരുടെ തനിസ്വരൂപം പുറത്തുവരുമെന്നാണ് ജോയ് മാത്യു തന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചത്.

'പിആർ പെയിന്‍റ് പണിക്കാർ പുട്ടിയിട്ടു മിനുക്കിയാലും ചില തടികളുടെ പുഴുകുത്തുകൾ പുറത്തുവരും' എന്നായിരുന്നു ജോയ് മാത്യുവിന്‍റെ പരിഹാസം. മുഖ്യമന്ത്രിയുടെ വാക്കുകളെ 'ചാരുതയാർന്ന ചെറ്റത്തരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തിരിഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകനോടാണ് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന്  മുഖ്യമന്ത്രി പ്രതികരിച്ചത്. തൊട്ടുപിന്നാലെ പൊലീസ് എത്തി ഇയാളെ അവിടെനിന്നും നീക്കം ചെയ്യുകയും ചെയ്തു.

തന്‍റെ പ്രതികരണത്തെ മുഖ്യമന്ത്രി പിന്നീട് ന്യായീകരിച്ചു. ഓരോ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് ലംഘിക്കപ്പെട്ടാൽ സ്വാഭാവികമായും പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മന്ത്രി ജി. സുധാകരനെതിരെ നടത്തിയ 'രാഷ്ട്രീയ ചെറ്റത്തരം' എന്ന പ്രയോഗത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങൾ ആഗ്രഹിച്ചതുപോലെ താൻ സുധാകരനെ 'ചെറ്റ' എന്ന് വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയമായ നിലപാടുകളെയാണ് അത്തരത്തിൽ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ നിലപാടുകളിൽ വഞ്ചന കാണിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരെയും നടൻ ജോയ് മാത്യു സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രൂക്ഷപരാമർശമാണ് ജോയ് മാത്യു തോമസ് ഐസക്കിനെതിരേ നടത്തിയത്. കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. 'വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്. 

കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ടുപോയിവച്ചിട്ട് ‘അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു’ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.

ENGLISH SUMMARY:

Actor Joy Mathew mocked CM Pinarayi Vijayan's recent controversial remarks. The CM told a worker who asked a question during his speech to "go ask at home." Joy Mathew reacted by saying that no matter how much PR teams try to polish a person, their true colors will eventually show. The CM later justified his response and clarified his remarks regarding G. Sudhakaran.