ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയ സുഹൃത്ത് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി ഡല്‍ഹിയില്‍ മത്സരിച്ചാല്‍ എങ്ങനെയിരിക്കും? പത്ത് ലക്ഷം വോട്ട് ഉറപ്പെന്ന് ഉപപ്രധാനമന്ത്രി അന്റോണിയോ റ്റാജനിയുടെ മറുപടി. മെലോനിയുടെ പുതിയ പുസ്തകമായ ‘ജോര്‍ജാസ് വിഷനി’ലാണ് ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തമാശ പ്രധാനമന്ത്രി പങ്കുവച്ചത്.

2023ലെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്ന ഭാഗത്താണ് തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിനെക്കുറിച്ച് മെലോനി തുറന്നെഴുതിയത്. അന്ന് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് മെലോനി പറയുന്നു. റോഡുകള്‍ നിറയെ തന്റെ ചിത്രങ്ങളും വെല്‍കം ബോര്‍ഡുകളും, അതേസമയം തിരിച്ചുപോകുന്ന സമയത്താവട്ടേ ‘താങ്ക്യൂ ഫോര്‍ വിസിറ്റിങ്’ എന്നെഴുതിയ ബോര്‍ഡുകളും. ഇതെല്ലാം കണ്ട് മനസ് നിറഞ്ഞെന്നും ആ സമയത്താണ് ഉപ പ്രധാനമന്ത്രിയുടെ കമന്റ് വന്നതെന്നും മെലോനി പറയുന്നു.

ഡല്‍ഹി അസംബ്ലിയില്‍ മത്സരിക്കുകയാണെങ്കില്‍ മെലോനിക്ക് പത്ത് ലക്ഷം വോട്ട് കിട്ടുമെന്നതായിരുന്നു അന്ന് തന്നെ ചിരിപ്പിച്ച റ്റാജനിയു‌ടെ തമാശയെന്നും മെലോനി പറയുന്നു. ഇത്രയും മനോഹരമായൊരു വരവേല്‍പ്പ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്ടു തവണ ആ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചെന്നും മെലോനി പറയുന്നു. അലസാന്ദ്രോ സെല്ലസ്തിയുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുസ്തകം.

നരേന്ദ്രമോദി–മെലോനി സൗഹൃദം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും രസകരമായ ചര്‍ച്ചയാണ്. ഇരുവരുടേയും പേരുകള്‍ ഒന്നിച്ച് വിളിക്കാന്‍ ‘മെലോഡി’ എന്ന വാക്ക് കൂടി സോഷ്യല്‍മീഡിയ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും സംസാരിക്കുന്ന വിഡിയോയും വൈറലായിരുന്നു. തൊട്ടടുത്തുനിന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ചിരിയും സൈബറിടം ആവോളം ആസ്വദിച്ചു.

സോഷ്യല്‍മീഡിയകളില്‍ മാത്രമല്ല രാജ്യാന്തര ഉച്ചകോടികളിലും ഈ സൗഹൃദം ഹൃദ്യമായ കാഴ്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്. അടുത്തിടെ റോം സന്ദര്‍ശിച്ച മോദി മെലോനിക്ക് സമ്മാനമായി ഒരു പാക്കറ്റ് ‘മെലോഡി’ മിഠായി നല്‍കിയ വിഡിയോയും ഇരുവരും പുറത്തുവിട്ടിരുന്നു. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ‘ഇന്‍സ്റ്റഗ്രാമിലെ പ്രശസ്തരായ കപ്പിള്‍’ നമ്മളാണെന്ന മെലോനിയുടെ വാക്കുകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

മെലോനിയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ചെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും അനൗദ്യോഗിക സംഭാഷണങ്ങളും, കഥകളും, ലോകനേതാക്കളുമായുള്ള സൗഹൃദങ്ങളും, വിശ്വസ്തതയുമാണ് ഉള്ളടക്കം. ടുണീഷ്യന്‍ പ്രസിഡന്റ് കായിസ് സയിദുമായുള്ള സൗഹൃദത്തെക്കുറിച്ചും മെലോനി രസകരമായൊരു സംഭവത്തിലൂ‌ടെ വിവരിക്കുന്നുണ്ട്.

പുകവലി നിര്‍ത്തിയ താന്‍ വീണ്ടും പുകവലി ആരംഭിച്ചത് സയിദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്, അന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പിന്നാലെ സയിദ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചു, ആ വീട്ടില്‍ നിന്ന് നോക്കിയാല്‍ കടലിന്റെ സൗന്ദര്യം ആസ്വദിക്കാം, ആ കാഴ്ചക്കിടെ താന്‍ സയിദിനോട് ഒരു സിഗരറ്റ് വലിച്ചാലോ എന്ന് ചോദിച്ചു, അദ്ദേഹം സന്തോഷത്തോടെ ഒരു പാക്ക് സിഗരറ്റ് തനിക്ക് നീട്ടി.–മെലോനി എഴുതുന്നു. തന്റെ പല രാജ്യാന്തര ബന്ധങ്ങളും ശക്തമായത് ഔദ്യോഗിക ചര്‍ച്ചകളിലൂടെ അല്ലെന്നും മറിച്ച് അനൗദ്യോഗിക സംഭാഷണങ്ങളിലൂടെയാണെന്നും മെലോനി പുസ്തകത്തില്‍ പറയുന്നു.

 

 

 

Meloni's Delhi Election Joke: Tajani Predicts 10 Lakh Votes:

Giorgia Meloni's new book reveals a humorous anecdote about her India visit, where Deputy PM Antonio Tajani joked she could secure ten lakh votes if she contested in Delhi. This anecdote highlights the warm reception she received and the developing friendship between her and Indian Prime Minister Narendra Modi.