സ്ത്രീകൾ തെരഞ്ഞെടുക്കാൻ മടിക്കുന്ന ജോലിയിൽ ശോഭിക്കുകയാണ് കാസർകോട് ഇരിയണ്ണി സ്വദേശി സ്നേഹ. അച്ഛനിൽ നിന്ന് ആറാം ക്ലാസിൽ തന്നെ കൈമുതലാക്കിയ കുലത്തൊഴിൽ ഉന്നത വിദ്യാഭ്യാസത്തിനു ശേഷവും തുടരാനാണ് സ്നേഹയുടെ തീരുമാനം.
ഉളിയുടെ താളം, കൃത്യമായ കണക്കുകൾ മരപ്പണിയിൽ തനത് ശൈലിയിൽ കയ്യൊപ്പ് ചാർത്തുകയാണ് ഈ 21 കാരി. കുട്ടിക്കാലത്ത് അച്ഛന്റെ ജോലി കണ്ട് കൗതുകത്തോടെ കൂടെ കൂടിയതാണ്. കസേരയോ, മേശയോ, ബുക്ക് സ്റ്റാൻഡോ എന്തു വേണമെങ്കിലും സ്നേഹ റെഡി.
സംസ്ഥാന ഹൈസ്കൂൾ ശാസ്ത്രമേളയിൽ മരപ്പണിയിൽ മത്സരിച്ച ഏക വനിതാ വിദ്യാർത്ഥിയായിരുന്നു സ്നേഹ. വർഷങ്ങൾക്കിപ്പുറം ബിരുദവും സൈബർ സെക്യൂരിറ്റി ഡിപ്ലോമയും കയ്യിലുണ്ടെങ്കിലും അച്ഛൻ ശശിധരനെ പിന്തുടരാനാണ് സ്നേഹക്കിഷ്ടം. മരപ്പണിയിൽ സമൂഹമാധ്യമങ്ങൾ വഴി ഓർഡറുകൾ പിടിച്ച് പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് ഈ പെൺകുട്ടി.
അച്ഛന്റെ തണലിൽ ഇനിയും മരത്തിൽ അത്ഭുതങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹ.