ഒരു ബൈക്ക് വ്ലോഗർ കൊച്ചു കുട്ടിയെ എടുത്ത് ദൂരേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വ്ലോഗറോട് കുട്ടി അസഭ്യം പറയുന്നതും, ചെരുപ്പ് എടുത്ത് വീശുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഇതോടെ സഹികെട്ട വ്ലോഗര്‍ കുട്ടിയെ എടുത്ത് പാടത്തേക്ക് ഒരു ഏറ്, ഇതാണ് വീഡിയോയിൽ കാണുന്നത്. അയാൾ ചെയ്തത് നന്നായെന്നും അവനതിന്റെ ആവശ്യമുണ്ടായിരുന്നു എന്നടക്കം പ്രതികരണങ്ങൾ വന്നിരുന്നു. 

എന്നാൽ, ഇത് സത്യമാണോ അതോ മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണോ എന്ന തരത്തിൽ നിരവധി ചർച്ചകളും ഉണ്ടായിരുന്നു. ഡിജിറ്റൽ ലോകത്തെ വ്യാജവാർത്തകളും വ്യാജപ്രചാരണങ്ങളും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരുന്ന അന്താരാഷ്ട്ര ഫാക്ട് ചെക്കിങ് ഏജൻസിയായ DFRAC അഥവാ Digital Forensic Research and Analytics Center ഈ വിഡിയോയിന്മേൽ നടത്തിയ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

DFRAC നടത്തിയ അന്വേഷണത്തിൽ ഇത് ബില്ലാ വൗ (Billah Vau) എന്ന ബംഗ്ലാദേശി സ്വദേശിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്നുള്ള 12 മിനിറ്റ് നീളമുള്ള വീഡിയോയിലെ ഭാഗമാണെന്ന് കണ്ടെത്തി. ഈ ചാനലിലെ വീഡിയോകൾ പരിശോധിച്ചപ്പോൾ ഇതേ കുട്ടികളെയും ഗ്രാമീണരെയും ഉൾപ്പെടുത്തി വ്ലോഗർ മുൻപും സമാനമായ പല 'പ്രാങ്ക്' വീഡിയോകളും നാടകീയ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് DFRAC  കണ്ടെത്തൽ. 

മാത്രമല്ല, ചാനലിലെ ഉള്ളടക്കങ്ങൾ ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്ന് ഈ വ്ലോഗർ തന്നെ ചാനലിൽ വ്യക്തമാക്കുന്നുമുണ്ട്. അതിനാൽ, സോഷ്യൽ മീഡിയയിൽ കൂടുതൽ വ്യൂസും ലൈക്കുകളും ലഷ്യം വച്ച് ചെയ്ത ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണിതെന്നാണ് DFRAC അവകാശപ്പെടുന്നത്. ഇതറിയാതെയാണ് ലക്ഷക്കണക്കിന് ആളുകൾ യഥാർത്ഥ സംഭവമെന്ന രീതിയിൽ ഇത് ഷെയർ ചെയ്തത് എന്നും അവർ പറയുന്നു. 

ENGLISH SUMMARY:

The bike vlogger child prank video that went viral is revealed to be a staged incident by DFRAC. Investigations show the content is from a Bangladeshi vlogger's channel featuring scripted pranks for entertainment.