മുസ്ലീം ലിഗ് സംസ്ഥാന  അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്  തങ്ങൾക്കെതിരെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്ന് ആക്ഷേപമുന്നയിച്ചതിൽ  പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അപകീർത്തിപ്പെടുത്തൽ പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് നടപടി ആരംഭിച്ചതോടെ ആക്ഷേപനയിച്ച പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ആക്ഷേപത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്ന നിഗമനമാണുള്ളത്. ദിവസങ്ങൾക്കു മുൻപ് വിദേശത്തു നിന്നാരംഭിച്ച ഫെയ്സ്ബുക്ക് പ്രൊഫൈൽ ആണ് സാദിഖലി  ശിഹാബ് തങ്ങൾക്കെതിരെയുള്ള ആക്ഷേപം പോസ്റ്റ് ചെയ്തത്. 

സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്ന് പി.െക.കുഞ്ഞാലിക്കുട്ടി. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി  പറഞ്ഞു. വ്യാജ പ്രൊഫൈലിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം, സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ടി.ജലീല്‍. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പമാണെന്നും ജലീല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

ENGLISH SUMMARY:

Kerala Police have registered a case following a fake Facebook post targeting Panakkad Sadiq Ali Shihab Thangal. The cyber police acted on a complaint filed by the Muslim League, charging the accused with defamation. Party leaders, including P.K. Kunhalikutty, have vowed strict legal action against those behind the smear campaign. Concerns have also been raised over AI-generated fake images circulating on social media. K.T. Jaleel condemned the misuse of technology to defame individuals and called for strong legal measures. Authorities are expected to intensify action against those responsible for spreading false information online.