മെയ് 24 ന് ബെംഗളൂരുവില്‍ മനുഷ്യ ചങ്ങല നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ പോസ്റ്റര്‍. ടൗണ്‍ ഹാള്‍ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി കര്‍ണാടക എന്ന പേരില്‍ പ്രചരിക്കുന്ന നോട്ടീസില്‍ പറയുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മനുഷ്യ ചങ്ങല നടത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പ്രചരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ബെംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഫ്രീഡം പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ അനുവദനീയമല്ലെന്നും പൊലീസ് വ്യക്തമാക്കി. 

മനുഷ്യചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശം അറിഞ്ഞോ അറിയാതെയോ സമൂഹമാധ്യമങ്ങളില്‍ ഫോര്‍വേഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കന്നട ഭാഷയിലുള്ളതാണ് പോസ്റ്റര്‍. പാറ്റകളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. 

 

ശക്തി കാണിക്കാന്‍‌ മെയ് 24 ന് രാവിലെ 11 മണിക്ക് ബെംഗളൂരു ടൗണ്‍ഹാളിന് സമീപം നടക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കെടുക്കണമെന്നും പോസ്റ്ററിലുണ്ട്. സ്വാർത്ഥ ഭരണകൂടത്തിന് ഒരു സന്ദേശം നൽകുന്നതിനും ശക്തി തെളിയിക്കുന്നതിനും എല്ലാ പാറ്റകളും കോക്രോച്ച് ജനതാ പാർട്ടിയുടെ ആരാധകരും' മുന്നോട്ട് വരണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്. യുവാക്കള്‍ക്ക് ഭാവിയില്ല, നീറ്റ് പരീക്ഷയുടെ ഭാരം വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തുന്നു, വിലക്കയറ്റം കാരണം ജീവിതം ദുഷ്‌കരമായിരിക്കുന്നു എന്നി പരാതികളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Bengaluru human chain protest organized by Cockroach Janata Party on May 24 has been warned against by the police. The police have stated that no permission has been sought or granted for this event, and public gatherings near Town Hall are not allowed.