എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്ക്കാണ് സ്റ്റേ. അപ്പീലിൽ എതിർകക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.
അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. മൂന്ന് വര്‍ഷത്തെ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേയെന്ന് വാദത്തിനിടെ വെള്ളാപ്പള്ളിയോട് ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത ഉള്ളപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ക്ക് എങ്ങനെ നിയമ സാധുതയുണ്ടാകുമെന്നും കോടതി ആരാഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഏഴ് വര്‍ഷം വിളിച്ചുചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഓർമിപ്പിച്ചു. മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീൽ നല്‍കിയത്.
തുടർച്ചയായി 3 വർഷം വാർഷിക റിട്ടേണോ സാമ്പത്തിക സ്റ്റേറ്റ്മെന്റോ ഫയൽ ചെയ്തില്ലെങ്കിൽ ആ കമ്പനിയുടെ ഡയറക്ടർക്ക് 5 വർഷത്തേക്കു വീണ്ടും തൽസ്ഥാനത്തു നിയമിക്കപ്പെടാൻ അയോഗ്യതയുണ്ടാകുമെന്ന കമ്പനി നിയമത്തിന്റെ 164 (2) വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ്. നിയമപ്രകാരം വേണ്ട ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) ഡയറക്ടർമാർക്കില്ലെന്നതും കാരണമായി.
ഡയറക്ടർമാരെ അയോഗ്യരാക്കാനാവില്ലെന്ന റജിസ്ട്രേഷൻ ഐജിയുടെ 2024 ഫെബ്രുവരി 17ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രഫ. എം.കെ.സാനു, കൊല്ലം സ്വദേശി എസ്.ചന്ദ്രസേനൻ, കോന്നി എസ്എൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രഘു അഞ്ചയിൽ തുടങ്ങിയവരാണ് 2024 ൽ ഹൈക്കോടതിയെ സമീപിച്ചത്. 2006-07 മുതൽ 2016-17 വരെയുള്ള വാർഷിക റിട്ടേൺ 2020 സെപ്റ്റംബർ 24 വരെ ഫയൽ ചെയ്തില്ലെന്നും അതിനാൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരെ അയോഗ്യരാക്കണമെന്നുമായിരുന്നു ആവശ്യം.