വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ അശ്വതിനായര്‍, അമ്മ ശ്രീകുമാരി, മക്കളായ കാർണിവൻ (14), കീർത്തവൻ (4), രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കിയ ശേഷം അശ്വതിയും അമ്മയും ജീവനൊടുക്കുകയായിരുന്നു.
രണ്ടു ദിവസം ആരേയും പുറത്തു കാണാതിരുന്നതോടെ നാട്ടുകാരില്‍ ചിലര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ജനലിലൂടെ നോക്കിയപ്പോള്‍ ഫാനില്‍ ഒരാള്‍ തൂങ്ങിയാടുന്നത് കണ്ടുവെന്നും അങ്ങനെയാണ് വീട്ടുടമയുടെ ബന്ധു വീടു തുറന്നു നോക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.
വിളപ്പില്‍ശാലയില്‍ നിന്നും ഭൂമി വിറ്റാണ് രണ്ടുമാസം മുമ്പ് ഇവര്‍ വടുതലയിലെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ ചികിത്സയ്ക്കായി വാടകവീടെടുത്ത് താമസമാക്കി. അശ്വതിയുടെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ചില കുടുംബപ്രശ്നങ്ങളും നിലനിന്നതായി സൂചനയുണ്ട്. ഒരു കുട്ടിയുടെ ചികിത്സയ്ക്കായി തന്നെയാണ് ആസ്റ്ററിനു സമീപം ഇവര്‍ വീട് വാടകയ്ക്കെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അശ്വതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ആത്മഹത്യ മനോവിഷമമുണ്ടാക്കിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവിന്റെ മരണത്തിനു കാരണം അശ്വതിയാണെന്ന് ഭർത്താവിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തിയെന്നും ഇതിൽ മനപ്രയാസം ഉണ്ടായെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.