മരിച്ച സനീഷ്. ബന്ധു പുഷ്പലീല

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീപിടിത്തശേഷം മണിക്കൂറുകള്‍ക്കുളളില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗികള്‍ മരിച്ചിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പൊടിയരി കഞ്ഞി വാങ്ങി നല്‍കിയ ശേഷമാണ് വൈകീട്ട് മരണ വിവരം അറിയിക്കുന്നതെന്ന് ബന്ധു  പുഷ്പലീല മനോരമ ന്യൂസിനോട് പറഞ്ഞു. 

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ 38കാരന്‍ സനീഷ്. ''തീപിടിച്ച സമയത്ത് ആശുപത്രിയില്‍ സനീഷിന്‍റെ ചേട്ടന്മാരുണ്ടായിരുന്നു. എല്ലാവരെയും കൊണ്ടു പോയി. സനീഷിനെ കാണുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ഉച്ചയോടെയാണ് സനീഷിനെ പുറത്തിറക്കുന്നത്. എംഐസിയുവിലേക്ക് കൊണ്ടു പോകണണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ക്രിട്ടിക്കലാണെന്ന് പറഞ്ഞു. വൈകീട്ട് മരണം സംഭവിച്ചു'' എന്നാണ് ബന്ധുവായ പുഷ്പലീല പറഞ്ഞത്. 

അന്ന് രാവിലെയും പൊടിയരി കഞ്ഞി വാങ്ങികൊടുക്കാന്‍ പറഞ്ഞിരുന്നെന്നും വെള്ളം വാങ്ങി കൊടുത്തിരുന്നുവെന്നും പുഷ്പലീല പറഞ്ഞു. തീപിടിത്തം കാരണം വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയപ്പോള്‍ ബുദ്ധിമുട്ടുണ്ടായെന്ന് കുടുംബത്തിന്‍റെ നിഗമനം. സനീഷിനെ കൂടാതെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, കാര്‍ ഒാട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഒാട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശിഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.

ENGLISH SUMMARY:

Thiruvananthapuram Medical College patient deaths following a fire at the multi-specialty ventilator unit have raised serious concerns. Relatives allege that the removal of life-saving equipment was the cause of death for patients undergoing treatment.