പകര്‍ച്ചവ്യാധികള്‍ ആശങ്ക സൃഷിക്കുമ്പോള്‍ തലപ്പത്ത് ആളില്ലാതെ ജില്ലാ മെഡിക്കല്‍ ഒാഫീസുകളും ആരോഗ്യ സ്ഥാപനങ്ങളും. അഞ്ച് ജില്ലകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരില്ല. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതോടെ എട്ട് മെഡിക്കല്‍ കോളജുകളില്‍ ഭരണപ്രതിസന്ധി തുടരുന്നു. രണ്ട് വര്‍ഷം മുമ്പ് പാസാക്കിയ പൊതുജനാരോഗ്യനിയമം നടപ്പാക്കാത്തതും പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വെല്ലുവിളിയാണ്.
നിപയും ഷിഗെല്ലയുമൊക്കെ സാരമായി ബാധിച്ച ജില്ലയാണ് കോഴിക്കോട്. പക്ഷേ ജില്ലാ മെഡിക്കല്‍ ഒാഫീസറുടെ കസേരയില്‍ ആളില്ല. കണ്ണൂര്‍ , കാസര്‍കോട്, ഇടുക്കി, മലപ്പുറം ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ തസ്കിക ഒഴിഞ്ഞു കിടക്കുന്നു. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തതോടെ എട്ട് മെഡിക്കല്‍ കോളജുകളില്‍ ഭരണപ്രതിസന്ധി തുടരുന്നു.
നിയമ പ്രകാരമല്ല സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രിന്‍സിപ്പല്‍മാര്‍ അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് ഭരണമാറ്റത്തിനു ശേഷം ആരോഗ്യവകുപ്പ് നടപ്പാക്കിയ ആദ്യ തീരുമാനം തന്നെ നിയമക്കുരുക്കില്‍ പെട്ടത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാരിപ്പള്ളി, വയനാട്, ഇടുക്കി, മഞ്ചേരി , കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരെയാണ് മാറ്റിയത്.
പലതരം പകര്‍ച്ചപ്പനികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും നിയമ സഭ പാസാക്കി രണ്ടരവര്‍ഷം കഴിഞ്ഞ പൊതുജനാരോഗ്യ നിയമം നോക്കുകുത്തിയായി തുടരുകയാണ്. ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് കാരണം. രോഗനിര്‍ണയം, ചികില്‍സ , രോഗവ്യാപനത്തിന്‍റെ കാരണങ്ങള്‍ തടയുക തുടങ്ങിയവയെല്ലാം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുജനാരോഗ്യനിയമം പാസാക്കിയത്. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന പൊതുജനാരോഗ്യ സമിതികള്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ രൂപീകരിച്ചിട്ടില്ല. മാലിന്യനിക്ഷേപം , ജല സ്രോതസുകള്‍ മലിനമാക്കല്‍ പോലുളള പൊതുജനാരോഗ്യ വെല്ലുവിളികള്‍ക്ക് ഫൈന്‍ ഉള്‍പ്പെടെ ചുമാത്താനും നിയന്ത്രിക്കാനും അധികാരമുളള സമിതികളാണ് ഇതുവരെ രൂപീകരിക്കാത്തത്.