സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.

പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്‍റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. നന്മകളാല്‍ സ്ഫുടം ചെയ്ത ആത്മീയ ഊര്‍ജ്ജവുമായിട്ടാണ് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയായ വ്രതാനുഷ്ടാന ദിനങ്ങള്‍ പിന്നിട്ടാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

ഗള്‍ഫിലെ മലയാളികള്‍ക്ക് ഇത് അതിജീവനത്തിന്‍റെ ചെറിയ പെരുന്നാള്‍ കൂടിയാണ്. സംഘര്‍ഷങ്ങളുടെ സമയത്തെ സന്തോഷമായാണ് ഇത്തവണത്തെ പെരുന്നാളെത്തുന്നത്. നിയന്ത്രണങ്ങളോടെ മേഖലയിലെങ്ങും പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ നടക്കും. ഒമാനിലും നാട്ടിലും ഗള്‍ഫിലാകെയും ഒന്നിച്ചാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍, ഗള്‍ഫിലെ പ്രവാസികള്‍ രാജ്യമേതെന്ന വ്യത്യാസമില്ലാതെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ്. എങ്കിലും ജനജീവിതം സ്തംഭിച്ചിട്ടില്ല. പെരുന്നാള്‍ നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രമാണ്. പുറത്ത് തുറന്ന സ്ഥലത്തെ ഈദ്ഗാഹുകളില്ല.

ENGLISH SUMMARY:

Small Ramzan is being celebrated today across the state, with thousands expected to participate in Eid prayers at mosques and Eidgahs. This occasion marks a time of love, togetherness, and joyous celebrations after a period of spiritual devotion and fasting.