രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണിക്കൂറുകളായിരുന്നു കടന്നു പോയത്. എവിടേയും ഉയര്‍ന്ന ചോദ്യം ഒന്നു മാത്രം. കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് കണ്ണൂരില്‍ സീറ്റുണ്ടാകുമോ ?. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകള്‍ മാറിമാറി വന്നപ്പോഴും ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യം. ഒടുവില്‍ രാത്രിയോടെ ഹൈക്കമാന്‍ഡ് തീരുമാനം വന്നു. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഒരാള്‍ക്കു മാത്രമായി മാറ്റേണ്ടതില്ല.
Also Read: സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും: ‘കൈ’ വിടാതെ സുധാകരന്‍
അങ്ങനെ ചെയ്താല്‍ അതൊരു കീഴ്‍വഴക്കമാകും. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇതോടെ കെ. സുധാകരന്റെ പിടിവാശിയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. സുധാകരന്റെ ഏതു നീക്കവും നേരിടാനുറച്ചാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് ഒരു പോറലും ഏല്‍ക്കില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
ഏറെ കാത്തിരിക്കേണ്ടി വന്നില്ല, കെ. സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും. പാര്‍ട്ടി എത്രയോ വലുതാണ്. താന്‍ എത്രയോ ചെറുതുമാണ്. സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയാല്‍ മല്‍സരിക്കുമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. എല്ലാം ഊതിവീര്‍പ്പിച്ചതാണ്. നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇടപെടാറുണ്ട്. 100ല്‍ കൂടുതല്‍ സീറ്റില്ലെങ്കില്‍ വനവാസത്തിന് തന്നെയെന്നും വി.ഡി പറവൂരില്‍ ആവര്‍ത്തിച്ചു.
അതേസമയം, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ എൽദോസ് കുന്നപ്പിള്ളിലിന്റെ നീക്കങ്ങളുമായി രംഗത്ത്. സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതോടെ, എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടാണ് കുന്നപ്പിള്ളിലിന്റെ സമ്മർദ്ദ നീക്കങ്ങൾ. വിമാനത്താവളത്തിൽ വെച്ച് എൽദോസ് നടത്തിയ വൈകാരിക പ്രതികരണം യുഡിഎഫ് ക്യാമ്പുകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. നിയമസഭയിലേക്ക് വീണ്ടും പരിഗണിച്ചില്ലെങ്കിൽ പകരം തന്നെ ഡിസിസി അധ്യക്ഷനാക്കണമെന്ന ഉറച്ച ആവശ്യമാണ് കുന്നപ്പള്ളി ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്.
എന്നാൽ രമേശ് ചെന്നിത്തലയോ ദേശീയ നേതൃത്വമോ ഇക്കാര്യത്തിൽ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനിടെ കുറുപ്പുംപടിയിൽ എൽദോസ് അനുകൂലികളുടെ ശക്തിപ്രകടനം നടന്നു. ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് അധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ 100 കണക്കിനാളുകൾ പ്രകടനത്തിൽ അണിനിരന്നു. കുന്നപ്പള്ളിയോട് നേതൃത്വം നന്ദികേട് കാണിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം മാത്രമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് ബെന്നി ബഹന്നാൻ അനുകൂലികളുടെ വാദം.