കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തകമാകുന്നു. അമ്മ ഷീലയാണ് 72 ദിവസം നീണ്ട കാത്തിരിപ്പ് പുസ്തകരൂപത്തില്‍ കുറിച്ചിട്ടത്. അര്‍ജുന്‍ എന്‍റെ മകന്‍ എന്ന പുസ്തകത്തിന്‍റെ കവര്‍ കോഴിക്കോട് പ്രകാശനം ചെയ്തു.
2024 ജൂലൈ 16. ഷിരൂരില്‍ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലും അതിനകത്ത് അകപ്പെട്ട അര്‍ജുനും വേണ്ടി ആഴ്ച്ചകള്‍ നീണ്ട തിരച്ചില്‍ മലയാളികളാരും മറന്നുകാണില്ല. ഇതിനായി കേരളം, കര്‍ണാടക സര്‍ക്കാരുകളെ കൂടാതെ അര്‍ജുന്‍റെ കുടുംബത്തിനൊപ്പം കൈമെയ് മറന്ന് പ്രയത്നിച്ചവര്‍ നിരവധി. ഇവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ആ 72 ദിവസത്തെ കാത്തിരിപ്പ് അമ്മ ഷീല ഓര്‍ത്തെടുക്കുന്നത്. ഈ കാലയളവില്‍ സംഭവിച്ച പുറംലോകമറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട് പുസ്തകത്തില്‍. എങ്കിലും ആരെയും വിഷമിപ്പിക്കുന്ന ഒരു വരിപോലുമില്ല.
ഒരു ഘട്ടത്തില്‍ തനിക്ക് പറ്റിയ തെറ്റുകളും പാളിച്ചകളും ഷീല പുസ്തകത്തില്‍ തുറന്നു പറയുന്നു. എഴുത്ത് ചെറുപ്പത്തിലേ ഉള്ള ശീലമാണ്. മകന്‍റെ മരണശേഷം എഴുതിവച്ച ചില കുറിപ്പുകള്‍ വീട്ടുകാര്‍ വായിച്ചപ്പോഴാണ് പുസ്തകമാക്കാമെന്ന ആശയം ഉയര്‍ന്നുവന്നത്. എം.കെ. രാഘവന്‍ എംപി മേയര്‍ ഒ സദാശിവന് കൈമാറി പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ചെയ്തു. അര്‍ജുന്‍റെ ഭാര്യയും സഹോദരിയും അടക്കമുള്ള ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.