പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല. ഭേദഗതി ഉത്തരവ് പുറത്തിറക്കി പെട്രോളിയം മന്ത്രാലയം. പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ എല്‍പിജി സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇത്തരക്കാര്‍ക്ക് എല്‍പിജി നല്‍കുന്നത് നിരോധിത പ്രവര്‍ത്തനമായി കണക്കാക്കും. ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര നീക്കവുമായി ഇന്ത്യയുടെ ഇടപെടല്‍. ഇറാന്റെ അനുമതിയോടെ ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ ശിവാലിക്, നന്ദാദേവിയും ദിവസങ്ങള്‍ക്കകം ഗുജറാത്ത് തീരത്തെത്തും. പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നത് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
Also Read: എൽപിജി വിതരണം ഇപ്പോഴും ആശങ്കാജനകം, എന്നാൽ വിതരണം നിലയ്ക്കില്ല: കേന്ദ്രം
ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ 'ശിവാലിക്' മറ്റന്നാൾ ഗുജറാത്തിലെ മുദ്ര തുറമുഖത്തും നന്ദാദേവി ചൊവ്വാഴ്ച കണ്ട്‍ലയിലുമെത്തും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് ടാങ്കറുകളാണ് ഇന്ത്യയിലെത്തിയത്. ഇവയില്‍ രണ്ടെണ്ണമാണ് ഹോര്‍മൂസ് വഴി രാജ്യത്തേക്ക് തിരിച്ചത്. 22 കപ്പലുകൾ കൂടി ഇനിയും ഹോർമൂസ് കടക്കാനുണ്ട്. ഇതിൽ ആറെണ്ണം എൽപിജി ടാങ്കറും നാലെണ്ണം എണ്ണ ടാങ്കറുമാണ്. ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ ശ്രമം തുടരുമ്പോഴും ജനങ്ങൾക്കിടയിലെ പരിഭ്രാന്തി വിതരണ ശൃംഖലയെ സമ്മർദത്തിലാക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം 88 ലക്ഷമായി ഉയർന്നു. ആഭ്യന്തര ഉൽപ്പാദനം 31 ശതമാനമായി വർധിപ്പിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്‍റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണം. സുരക്ഷിതമല്ലാത്ത പാത്രങ്ങളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പമ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.