നാട്ടിൽ എല്ലാവരും പാചകവാതകത്തിന് നെട്ടോട്ടം ഓടുമ്പോൾ എറണാകുളം കളമശേരി മേഖലയിലുള്ളവർക്ക് ആശങ്ക ഏതുമില്ല. സിലിണ്ടറുകൾക്കു പകരം പൈപ്പ് ലൈൻ വഴി സിറ്റി ഗ്യാസ് പദ്ധതി ഉപയോഗപെടുത്തുന്ന കുടുംബങ്ങളിൽ പാചകവാതക പ്രശ്നങ്ങളില്ല. അതേസമയം പദ്ധതി വ്യാപിപ്പിക്കുന്നതിൽ ഇപ്പോളും മെല്ലെപ്പോക്കാണ്.
ലോകത്ത് യുദ്ധം നടക്കുമ്പോൾ ഇന്ധനവില ഉയരുന്നതും വിതരണത്തിൽ അനിശ്ചിതത്വം ഉണ്ടാകുന്നതും പതിവാണ്. പക്ഷേ കളമശേരിയിലെ കങ്ങരപ്പടിയിലും സമീപ പ്രദേശങ്ങളിലുള്ള ചില വീടുകളിലും അടുക്കളയിൽ യുദ്ധത്തിന്റെ ആഘാതം അത്ര കാണുന്നില്ല. കാരണം, പാചകവാതകം ഇവിടെ എത്തുന്നത് പൈപ്പ് ലൈൻ വഴിയാണ്. സിറ്റി ഗ്യാസ് പദ്ധതി – പിഎൻജി.സിലിണ്ടർ ബുക്ക് ചെയ്യേണ്ടതില്ല, ഡെലിവറി കാത്തിരിക്കേണ്ടതില്ല. ഉപയോഗിക്കുന്നത്ര ഗ്യാസിന് മീറ്റർ കണക്കാക്കി ബിൽ നൽകിയാൽ മതി
സുരക്ഷാ ആശങ്കകളും കുറഞ്ഞതും അപകട സാധ്യതയുണ്ടെങ്കിൽ ടെക്നീഷ്യൻമാർ വേഗത്തിൽ എത്തി പ്രശ്നം പരിഹരിക്കുന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. 2016-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കളമശേരിയിൽ സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പത്ത് വർഷം പിന്നിട്ടിട്ടും നഗരസഭയിൽ ഏകദേശം 2000 കണക്ഷനുകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ചില പ്രദേശങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളുടെ അടുക്കളകളിലേക്ക് കണക്ഷൻ നൽകാതെ വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും നാട്ടുകാർ. എന്നാൽ റോഡ് പണിയിലെ അനിശ്ചിതത്വമാണ് പൈപ്പ് ഇടുന്നതിന് തടസ്സമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.