എല്‍.പി.ജി വിലവര്‍ധനയ്ക്കുപിന്നാലെ സബ്സിഡി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഇരുട്ടടി. പിഎം ഉജ്ജ്വല യോജന പദ്ധതിയില്‍ സബ്സിഡി നിരക്കിൽ നൽകുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍നിന്ന് നാലായി വെട്ടിക്കുറച്ചു. രാജ്യത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പത്തര കോടിയോളം ഉപഭോക്താള്‍ക്ക് ഇത് തിരിച്ചടിയാകും. അമ്മമാരും സഹോദരിമാരും വിറകടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 29 രൂപ വര്‍ധിപിച്ച് രണ്ടാം ദിവസം വീണ്ടും പ്രഹരം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് പുകയടുപ്പില്‍നിന്ന് മോചനം നല്‍കുന്ന അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ആഘോഷിച്ച പിഎം ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്.
മൂന്നൂറ് രൂപ സബ്സിഡിക്ക് പ്രതിവര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി ഇളവ് നാല് സിലിണ്ടറുകള്‍ക്കുമാത്രം. പദ്ധതിയില്‍ കേരളത്തില്‍ നാല് ലക്ഷത്തോളം കണക്‌ഷനുകളുണ്ട്. രാജ്യത്ത് പത്തര കോടിയോളമാണ് ഉജ്ജ്വല ഉപഭോക്താക്കള്‍. ഇവരുടെയെല്ലാം കുടുംബബജറ്റ് താളംതെറ്റും. പശ്ചിമേഷ്യൻ സംഘർഷവും ഊര്‍ജ പ്രതിസന്ധിയുമാണ് സബ്സിഡ് കുറയ്ക്കാനുള്ള കാരണമായി കേന്ദ്രം വിശദീകരിക്കുന്നത്.
ഡൽഹിയിൽ 942 രൂപ വിലയുള്ള സിലിണ്ടറിന് ഉജ്വല പദ്ധതി പ്രകാരം 300 രൂപ സബ്സിഡിയില്‍ 642 രൂപയാണ് ഈടാക്കുക. 2016ൽ ഉജജ്വല യോജന പദ്ധതി ആരംഭിക്കുമ്പോൾ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒമ്പതായി കുറച്ചു. ഇപ്പോള്‍ നാലായി.
12 വർഷമായി മോദി സർക്കാർ നടത്തിവരുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പ്രചാരണങ്ങളുടെ യഥാർത്ഥ മുഖം വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ. സർക്കാർ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയെന്ന് കെ.സി.വേണുഗോപാൽ. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പോരാടാന്‍ പോവുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.