പാചകവാതക പ്രതിസന്ധി ഹോട്ടലുകളില്‍ മാത്രമല്ല ക്രിമറ്റോറിയങ്ങളേയും ബാധിക്കുന്നുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ കിട്ടിയില്ലെങ്കില്‍ വാതക ശ്മശാനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും.
തൃശൂരില്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്ന ക്രിമറ്റോറിയമാണ് പാറമേക്കാവ് ശാന്തിഘട്ട്. എട്ടു സിലിന്‍ഡര്‍ വരെ വേണം പ്രതിദിനം പ്രവര്‍ത്തിക്കാന്‍. ഏഴു മൃതദേഹങ്ങള്‍ വരെ ശരാശരി പ്രതിദിനം സംസ്ക്കരിക്കാനെത്തും. പൂര്‍ണമായും വാതക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവ. വാണിജ്യ സിലിന്‍ഡറുകള്‍ ഇത്രയും കാലം സുലഭമായി കിട്ടിയിരുന്നു. ഇപ്പോഴത്തേതും പോലുള്ള പ്രതിസന്ധി ഒരിക്കലുമുണ്ടായിട്ടുമില്ല. ക്രിമിറ്റോറിയങ്ങള്‍ക്ക് സിലിന്‍ഡറുകള്‍ സുലഭമായി കിട്ടുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ അറിയിപ്പ്. പക്ഷേ, പ്രാദേശികമായി സിലിന്‍ഡറുകള്‍ ചോദിക്കുമ്പോള്‍ സ്റ്റോക്കില്ലെന്നാണ് മറുപടി.
പാറമേക്കാവ് ശാന്തിഘട്ട് പോലെ സംസ്ഥാനത്തെ മറ്റു ക്രിമറ്റോറിയങ്ങളും പ്രതിസന്ധി നേരിടുകയാണ്. പരമ്പരാഗത രീതിയില്‍ വിറകും ചകിരിയും ഉപയോഗിച്ച് മൃതദേഹം സംസ്ക്കരിക്കല്‍ നിലവില്‍ പ്രായോഗികമല്ല. വിറകിന്‍റെ ദൗര്‍ലഭ്യമാണ് പ്രശ്നം. ക്ഷേത്രങ്ങളിലെ നിവേദ്യം തയാറാക്കലും അന്നദാനവും പ്രതിസന്ധി നേരിടുന്നുണ്ട്.