ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരം നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ക്ഷേത്ര പരിസരത്തെ വിവിധ വാർഡുകളിൽ ഉൾപ്പെടെ പൂർണതോതിൽ ജലവിതരണത്തിന് കഴിയുന്നില്ല. അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധിയാണെന്ന് പറയുന്നുണ്ടെങ്കിലും ആസൂത്രിത ജലക്ഷാമമെന്ന് വരുത്താനുള്ള ശ്രമം പരിശോധിക്കണമെന്ന് മേയർ വി.വി.രാജേഷ് മന്ത്രി റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടു.
ഉടൻ പരിഹാരമെന്ന് ജല അതോറിറ്റി ഒരാഴ്ചയായി പറയുന്നതല്ലാതെ പ്രവൃത്തിയിൽ തെളിയുന്നില്ല. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാലയ്ക്കായി തലസ്ഥാനത്തേയ്ക്ക് എത്തുന്ന സമയത്താണ് പലയിടത്തും ജലവിതരണം മുടങ്ങിയത്.
തിരുവനന്തപുരം കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചുള്ള വിതരണം പൂർണ പരിഹാരമാവില്ല. ജലവിതരണം പുനസ്ഥാപിച്ചെന്ന് പറയുന്ന വീടുകളിലേക്കും നേർത്ത മട്ടിലാണ് വെള്ളത്തിന്‍റെ വരവ്. ഓരോ മേഖലയിലേക്കുമുള്ള വാൽവുകൾ തുറക്കുന്നതിൽ ഉൾപ്പെടെ ആസൂത്രിത ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി മേയർ.
അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധി ഉച്ചയോടെ പരിഹരിക്കാൻ കഴിയുമെന്നും രാത്രിയിൽ ജലവിതരണം പൂർവസ്ഥിതിയിലേക്ക് എത്തുമെന്നും ജലവിഭവ മന്ത്രിയുടെ പ്രതികരണം. നിലവിലെ സ്ഥിതിയിൽ അതിവേഗം മാറ്റമുണ്ടായില്ലെങ്കിൽ കുടിവെള്ള പ്രതിസന്ധി ഏറുമെന്ന കാര്യത്തിൽ സംശയമില്ല.
ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങിന് മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാവില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് പൊങ്കാല ദിവസം എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.