veena-hospital-new

കെഎസ്‌യു പ്രതിഷേധത്തിനിടെ കണ്ണൂരിൽ വച്ച് കഴുത്തിന് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കഴുത്തിന് ശക്തമായ വേദന മന്ത്രിക്ക് ഉണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിശദീകരിക്കുന്നത്. 

ഇന്നലെ രാത്രി മന്ത്രിയെ എംആർഐ പരിശോധനയ്ക്ക് വിധേയമാക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയാണ് പരിശോധന നടത്തിയത്. മന്ത്രി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. 

അതേസമയം, മന്ത്രിയുടെ പരുക്ക് നാടകം ആണെന്ന വാദം ആവർത്തിക്കുകയാണ് കോൺഗ്രസും യുവജന സംഘടനകളും. മന്ത്രിക്ക് എതിരായ ആക്രമണം ആസൂത്രിതമാണെന്ന്  ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും. കണ്ണൂരിൽ ഇന്നും ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത തുടരുകയാണ്. അതേസമയം, മന്ത്രിയെ ആക്രമിച്ചെന്ന പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ആരോഗ്യ മന്ത്രിക്ക് നേരെയുള്ള കൈയേറ്റം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ അതിന് അതിർവരമ്പുകളുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വരട്ടെയെന്നും സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു.

ENGLISH SUMMARY:

Health Minister Veena George's condition remains unchanged following an injury sustained during a KSU protest in Kannur. She is undergoing treatment after experiencing severe neck pain, with authorities confirming her continued stay in the medical college's intensive care unit.