മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും തല്ലിച്ചതച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതൽ സാക്ഷികളുടെ മൊഴിയെടുക്കും. ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ദൃശൃ മാധ്യമപ്രവർത്തകൻ ജോജിമോനോട് മൊഴി നൽകാൻ എത്തണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. പുനരന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ് പി എം പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ യോഗം ചേർന്നു അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്തു. ആദ്യ അന്വേഷണ സംഘം കൈമാറിയ ഫയലുകൾ പരിശോധിച്ചു. മർദിച്ച ഗൺമാൻ അനിൽകുമാർ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ സുരക്ഷാസംഘത്തിലെ മറ്റുദ്യോഗസ്‌ഥരെയും വിളിച്ചുവരുത്തും.
കെ.എസ് യു ജില്ലാ പ്രസിഡൻ്റ് എ.ഡി തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ഇരുവരുടെയും മൊഴി വൈകാതെ രേഖപ്പെടുത്തും. മുൻ അന്വേഷണ ഉദ്യാഗസ്ഥരുടെ മൊഴിയെടുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മർദന ദൃശ്യമടങ്ങിയ മൊബൈൽ ഫോണിന്റെ പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കാൻ നോട്ടീസ് നൽകി. ആദ്യ മന്ത്രിസഭ യോഗമാണ് ഗൺമാൻമാരുടെ മർദ്ദനത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എസ് പി എം.പി. ഷൗക്കത്തലിയുടെയും , ക്രൈം ബ്രാഞ്ച് DySP ബൈജു പൗലോസിന്റെയും നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. 2023 ഡിസംബർ 15 നാണ് ആലപ്പുഴയിൽ മർദനം നടന്നത്.