കോഴിക്കോട് വലിയങ്ങാടിയില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്നെസ് ഉണ്ടായിരുന്നുവെന്ന മേയറുടെ വാദം തെറ്റ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് എന്‍ജിനീറിങ് വിഭാഗം ഒരു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കടമുറികള്‍ വാടകയ്ക്ക് നല്‍കരുതെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നതായി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത മനോരമ ന്യൂസിനോട് പറഞ്ഞു.
വലിയങ്ങാടിയിലെ പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടം, സുരക്ഷിതമാണെന്ന്, മേയര്‍ പറയുമ്പോഴും, അതിന് വിരുദ്ധമായ രേഖകളാണ് പുറത്തുവരുന്നത്. 2024 ഒക്ടോബറിലാണ് 70 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം ഉപയോഗിക്കരുതെന്ന് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് മേയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം കെട്ടിടം പൊളിച്ചുനീക്കണമെന്ന് തീരുമാനിച്ചു.
അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയ കെട്ടിടം പിന്നീട് വാടകയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. കെട്ടിടം പൊളിച്ചുനീക്കാതിരുന്നതില്‍ ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകാമെന്നാണ് വിലയരുത്തല്‍. അതാരാണെന്ന് കണ്ടെത്താന്‍ അന്വേഷണം കൂടിയേ തീരൂ.