കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിയെ മാറ്റും. നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പുരോഗതിയില്ലാത്തതിനാല്‍ നടപടിയെടുക്കുമെന്ന് ദക്ഷിണ റെയില്‍വെ എ.ജി.എം വിപിന്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് എജിഎമ്മിന്‍റെ പ്രതികരണം. 

കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്താന്‍ ലക്ഷമിട്ട് 445.95 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് ആരംഭിച്ചത്. നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പണി ഇഴഞ്ഞു നീങ്ങുകയാണ്. 36 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 14 ശതമാനത്തോളം മാത്രമാണ് പൂര്‍ത്തിയായത്. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കരാര്‍ കമ്പനിയായ റാങ്കിനെതിരെ നടപടിയെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ എജിഎം വിപിന്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  നിര്‍മ്മാണ കമ്പനിക്ക് നോട്ടീസ് നല്‍കും, ശേഷവും നര്‍മ്മാണ പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലെങ്കില്‍ റാങ്കുമായുള്ള കരാര്‍ റദാക്കാനാണ് തീരുമാനം. 

ദക്ഷിണ റെയില്‍വേ എജിഎം വിപിന്‍കുമാറും, റെയില്‍വേ ഡിവിഷണല്‍ മനേജര്‍ മധുകര്‍ റോത്തും  സംയുക്തമായാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തിയത്. റെയില്‍വേ സ്റ്റേഷന്‍റെ മുന്നിലും പിന്നിലുമായി കവാടങ്ങളും, ബഹുനില പാര്‍ക്കിങ് കെട്ടിടവും, ആകാശ ഇടനാഴിയും നടപ്പാതയും, സ്റ്റാഫ് ക്വാട്ടേഴ്സും ഉള്‍പ്പടെയാണ് പുതുതായി നിര്‍മ്മിക്കുന്നത്. 

ENGLISH SUMMARY:

Kozhikode Railway Station's development project is facing delays, leading to potential contract termination. The Southern Railway AGM confirmed actions against the contractor due to slow progress on the 445.95 crore renovation.