കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്. മരട് പൊലീസാണ് അന്വേഷണം നടത്തുന്നത്. 40വയസിനു താഴെ മാത്രം പ്രായമുള്ള യുവതിയുടെ മൃതദേഹത്തില്‍ മുഖത്തുള്‍പ്പെടെ പരുക്കേറ്റ പാടുകളും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
മറ്റേതോ ഭാഗത്തുനിന്നും അപായപ്പെടുത്തിയ ശേഷമാകാം യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയതെന്ന നിഗമനത്തിലാണ് പൊലീസ്. പുലര്‍ച്ചെ നാലുമണിയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള ഹോസ്റ്റലിലെത്തി വാര്‍ഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നും മൂടാന്‍ തുണി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വാര്‍ഡന്‍ പറയുന്നു. സമീപവാസിയായ സ്ത്രീയല്ലെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
ഇന്നലെ രാത്രിയായിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് പൊലീസ് കരുതുന്നത്. ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് സംഭവം ചുരുങ്ങുമെന്ന് കൊലപാതകി കരുതിയിരിക്കാമെന്നാണ് സൂചന. എന്നാല്‍ എത്ര ആസൂത്രണം നടത്തിയാലും ഒരു ചെറിയ പഴുതെങ്കിലും ബാക്കിവച്ചിട്ടുണ്ടാകും എന്നത് ശരിവയ്ക്കുന്ന സംഭവം കൂടിയായി വൈറ്റിലയിലെ സംഭവം.
കൊലപാതകി മൃതദേഹം ഉപേക്ഷിച്ച ട്രാക്ക് ഉപയോഗയോഗ്യമല്ലാത്തതാണ്. ഈ ട്രാക്കിലൂടെ ട്രെയിന്‍ പോകാറില്ലെന്നതാണ് വാസ്തവം. ഈ ഭാഗത്ത് റെയില്‍ അഴിച്ചുമാറ്റി വച്ചതാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന ഭാഗമാണിതെന്നും ഈ സംഭവവും അതുപോലെ ആയിത്തീരുമെന്ന് കൊലപാതകി കരുതിക്കാണുമെന്നുമാണ് നിലവില്‍ പുറത്തുവരുന്ന സൂചനകള്‍. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ മേഖല കൂടിയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരിച്ച സ്ത്രീയെയും കൊലപാതകിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.